സംസ്ഥാനാന്തര റൂട്ടുകൾ വാടകയ്ക്ക് നൽകാൻ കെഎസ്ആർടിസി*
*സംസ്ഥാനാന്തര റൂട്ടുകൾ വാടകയ്ക്ക് നൽകാൻ കെഎസ്ആർടിസി*
*തിരുവനന്തപുരം*: ബസുകളുടെ സ്‌പെയർപാർട്‌സ് വാങ്ങാൻ പോലും പണമില്ലാതെ നട്ടംതിരിയുന്ന കെഎസ്ആർടിസിയുടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് സംസ്ഥാനാന്തര റൂട്ടുകളിലേക്കുള്ള സർവീസുകൾ തുടർന്നും നടത്താൻ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ വാടകയ്‌ക്കെടുക്കാനൊരുങ്ങുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും തൊഴിലാളി സംഘടനകളുടെ കടുംപിടുത്തവും കാരണം 'കട്ടപ്പുറത്തായ' കെഎസ്ആർടിസിക്ക് പിടിച്ചുനിൽക്കാൻ പാടുപെടുമ്പോഴാണ് സ്വകാര്യ സൂപ്പർ ക്ലാസ് ലക്ഷ്വറി ബസുകൾക്ക് റൂട്ടുകൾ പണയം വയ്ക്കുന്ന നടപടിയിലേക്ക് കടക്കുന്നത്.
സംസ്ഥാനാന്തര സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് 300 ബസുകളുടെ കുറവുണ്ട്. 100 ബസുകളെങ്കിലും ആദ്യഘട്ടത്തിൽ വാടകയ്‌ക്കെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ദീർഘദൂര സർവീസ് നടത്താൻ സൂപ്പർ ക്ലാസ് ബസുകൾ വാങ്ങിയിട്ട് എട്ടുവർഷം കഴിയുന്നു. ലാഭകരമായ ബെംഗളൂരു, മൂകാംബിക, മൈസൂരു, കോയമ്പത്തൂർ, സുള്ള്യ, സേലം എന്നീ സർവീസുകൾ പോലും മുടങ്ങുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ ബസ് വാങ്ങുന്നതിന് പണവുമില്ല. മറ്റു സ്വകാര്യ സർവീസുകളോടു പിടിച്ചുനിൽക്കാൻ പഴഞ്ചൻ ബസുകൾ കൊണ്ടു സാധിക്കുന്നുമില്ല.
ആദ്യഘട്ടത്തിൽ 23 റൂട്ടുകളിലേക്ക് ലേലം വിളിക്കാനാണ് തീരുമാനം. നാല് വർഷത്തിൽ താഴെ പഴക്കമുള്ള സൂപ്പർ ക്ലാസ് ലക്ഷ്വറി ബസുകളെയാണ് ലേലത്തിനായി ക്ഷണിക്കുന്നത്. കെഎസ്ആർടിസി നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കിൽ വേണം ബസുകൾ സർവീസ് നടത്താൻ. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതിന് സീറ്റിന് 2500 രൂപ വീതം നികുതി അടയ്ക്കണം. കെഎസ്ആർടിസി വാടകയ്‌ക്കെടുത്താൽ ഈ നികുതിയില്ല. സർവീസിൽ നിന്നുള്ള ലാഭവിഹിതം കെഎസ്ആർടിസിക്കു നൽകണം.
സംസ്ഥാനാന്തര സർവീസുകൾ മാത്രമല്ല ബസുകളുടെ കുറവും കാലപ്പഴക്കവും മൂലം പതിവായി മുടങ്ങുന്നത്. തിരുവനന്തപുരം കോഴിക്കോട് ലോ ഫ്‌ളോർ സർവീസുകളും കേരളത്തിനകത്തെ ദീർഘദൂര സർവീസുകളിൽ മിക്കതും കഴിഞ്ഞ ദിവസങ്ങളിൽ നിർത്തലാക്കി. റിസർവേഷൻ നടത്തി ലാഭത്തിലോടിയിരുന്ന ലോഫ്‌ളോർ എസി പതിവ് സർവീസുകളും മുന്നറിയിപ്പില്ലാതെ നിർത്തലാക്കുകയാണ്.
അതിനിടെ കെഎസ്ആർടിസിയെ നാലോ അഞ്ചോ ജില്ലകൾ ചേർത്ത് മൂന്ന് സ്വതന്ത്ര കോർപറേഷനുകളായി വിഭജിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സുശീൽ ഖന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി കെഎസ്ആർടിസിയെ സ്വതന്ത്ര കോർപറേഷനുകളായി വിഭജിക്കാൻ ഗതാഗതവകുപ്പ് നേരത്തേ ശുപാർശ ചെയ്തിരുന്നു.
കെഎസ്ആർടിസിയിൽ 4 കെഎഎസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിക്കുന്നത് പുനരുദ്ധാരണത്തിന്റെ ഭാഗമാണ്. ജനറൽ മാനേജർമാരിൽ മൂന്നു പേരെ സോണൽ ജനറൽ മാനേജർമാരായും ഒരാളെ ആസ്ഥാനത്തുമാണു നിയമിക്കുക. നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ തസ്തിക ഒഴിവാക്കിയാണ് നടപടി. നിയമനം ലഭിക്കുന്നവർക്ക് പരിശീലന സമയത്ത് എടിഒ, ഡിപ്പോ എൻജിനീയർ എന്നീ തസ്തിക നൽകും. പരിശീലന ശേഷം സോണുകളുടെ മേധാവിയാക്കും. ഇതിനുശേഷം കെ എസ് ആർ ടി സിയെ സ്വതന്ത്ര കോർപ്പറേഷനുകളാക്കും.
തമിഴ്‌നാട് മാതൃകയിലാണ് കോർപറേഷനുകളുടെ വിഭജനം ലക്ഷ്യമിടുന്നത്. അവിടെ 8 കോർപറേഷനുകളുണ്ട്. കാര്യക്ഷമത വർധിപ്പിച്ച് വരുമാന കൂട്ടുകയാണു ലക്ഷ്യം. ജീവനക്കാരുടെ സ്ഥലംമാറ്റവും വരുമാനവും ഉൾപ്പെടെ എല്ലാം അതതു കോർപറേഷനുകളാണു തീരുമാനിക്കുക. കോർപറേഷന്റെ പരിധിക്കുള്ളിൽ മാത്രമാകും സ്ഥലംമാറ്റം. ഇതേ മാതൃക കേരളത്തിലും നടപ്പാക്കും. ബസുകളും ഡിപ്പോകളും വീതിച്ചു നൽകും. ദീർഘദൂര സർവീസുകൾ ഈ കോർപറേഷനുകളിൽ പെടില്ല. അതിന് പ്രത്യേക സംവിധാനമായി സ്വിഫ്റ്റ് ഉണ്ടാകും.
ജൂണിൽ കെഎഎസ് ഉദ്യോഗസ്ഥർ വരുന്നതോടെ ഇവർക്ക് ഓരോ കോർപറേഷനിലെയും ഭരണ വിഭാഗത്തിന്റെ ചുമതല നൽകും. ഡയറക്ടർ ബോർഡ് യോഗം കെ.എസ്.ആർ.ടി.സിയിൽ ഭരണ നിർവഹണത്തിന് വേണ്ടി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കെ.എസ്.ആർ.ടി.സിയിലെ പ്രധാന തസ്തികകളിൽ പ്രൊഫഷണലുകളെ കൊണ്ടു വരണമെന്ന് സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം നിർദേശിച്ചിരുന്നു.
പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്ന കെഎസ്എസുകാരിൽ നിന്ന് അഞ്ച് പേരെ കെ.എസ്.ആർ.ടി.സിയിലേക്ക് വിട്ടുനൽകണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ സർക്കാരിന് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് കെഎഎസ് നിയമന പട്ടിക വന്നപ്പോൾ 104 പേരിൽ നിന്ന് ഒരാളെ പോലും കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ അനുവദിക്കുന്നത്.
കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയിലെ അംഗീക്യത തൊളിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. റിപ്പോർട്ടിലെ പല കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് തൊഴിലാളി സംഘടനകൾ സ്വീകരിച്ചത്.
സുശീൽ ഖന്ന സർക്കാരിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ തുടങ്ങിയത്. കെഎസ്ആർടിസിയെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളായി തിരിക്കണമെന്നതാണ് ഇതിൽ പ്രധാനം. നിയന്ത്രിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർമ്മാർ ഓരോ മേഖലയിലും ഉണ്ടാവും. ഹെഡ് ഓഫീസിലായിരിക്കും ഏകോപനം. ബസ്സുകളുടെ ബോഡി നിർമ്മാണം പുറത്ത് നൽകണമെന്നാണ് മറ്റൊരു പ്രധാനപ്പെട്ട ശുപാർശ.
ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന ശുപാർശയും നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. ഡബിൾ ഡ്യൂട്ടി കുറക്കുന്നതിന് വേണ്ടി ഡ്യൂട്ടി പാറ്റേൺ പരിഷ്‌ക്കരിക്കണമെന്നുള്ള ശുപാർശയും സർക്കാർ അംഗീകരിച്ചേക്കും. രാത്രി യാത്രക്ക് അധിക ചാർജ് ഈടാക്കണമെന്ന ശുപാർശയും സുശീൽ ഖന്ന റിപ്പോർട്ടിലുണ്ട്.