ഫാ. ഫ്രാൻസിസ് കള്ളികാട്ട് നിര്യാതനായി
ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86)
നിര്യാതനായി
താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86) നിര്യാതനായി. ഈരൂട് വിയാനി വൈദിക വിശ്രമ മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
1937 സെപ്റ്റംബർ 25ന് പാലാ രൂപതയിലെ തുടങ്ങനാട് ഇടവകയിലെ പരേതരായ കള്ളികാട്ട് തോമസ് - അന്നമ്മ ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം വരെ തൊടുപുഴയിൽ പൂർത്തിയാക്കിയ ശേഷം പാലാ രൂപതയിലെ മൈനർ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1967 മാർച്ച് 13ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് തുടങ്ങനാട് ഇടവകയിൽ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
അവിഭക്ത തലശ്ശേരി അതിരൂപതയിലെ (ഇപ്പോൾ മാനന്തവാടി രൂപത) സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും, മാങ്ങോട്, ചന്ദനക്കാംപാറ, ശ്രീപുരം, മാംപൊയിൽ, കോഴിച്ചാൽ, രാജഗിരി എന്നിവിടങ്ങളിലും, താമരഫേബഫശ്ശരി രൂപത സ്ഥാപനത്തിനു ശേഷം വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്തുകടവ്, കുളത്തുവയൽ, ചെമ്പുകടവ്, പെരിന്തൽമണ്ണ, കുണ്ടുതോട് എന്നീ ഇടവകകളിലും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ൽ ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: പരേതനായ ജോസഫ്, തോമസ് (മുട്ടം), മറിയക്കുട്ടി (മാങ്കുളം), അഡ്വ. മൈക്കിൾ (എൻ.സി.പി. ഇടുക്കി ജില്ല പ്രസിഡന്റ്), സി. സ്റ്റെല്ല സി.എസ്.എം. (തൊടുപുഴ), അഗസ്റ്റിൻ (കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ്). ഫാ. ജോർജ്ജ് മുല്ലൂർ (ഇടുക്കി) സഹോദരി പുത്രനാണ്.
പരേതന്റെ ഭൗതിക ദേഹം തിങ്കളാഴ്ച (23.10.2023) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് പാലാ രൂപതയിലെ തുടങ്ങനാടുള്ള, സഹോദരൻ അഗസ്റ്റിൻ കള്ളികാട്ടിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും.
സംസ്കാര കർമ്മങ്ങൾ 24.10.2023, ചൊവ്വാഴ്ച, ഉച്ചയ്ക്ക് 1.30ന്, ഭവനത്തിൽ ആരംഭിച്ച്, തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.
"മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ'' എന്ന ആപ്തവാക്യത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന ഫ്രാൻസിസച്ചൻ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. തന്റെ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ബഹു. ഫ്രാൻസിസ് കള്ളികാട്ടച്ചന് താമരശ്ശേരി രൂപതയുടെ അശ്രുപൂജ.