*കെ.പി.പി എച്ച്.എ മുക്കം ഉപജില്ലാ കമ്മിറ്റി സങ്കട ഹർജി കൈമാറി..*

 *കെ.പി.പി എച്ച്.എ മുക്കം ഉപജില്ലാ കമ്മിറ്റി സങ്കട ഹർജി കൈമാറി..*



മുക്കം:   ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിരക്ക് വർധന, കുടിശ്ശിക അനുവദിക്കൽ  തുടങ്ങിയവയുടെ കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സങ്കടഹർജി കൈമാറി.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2016ലെ നിരക്കാണ് സർക്കാർ അനുവദിച്ചു വരുന്നത്.

ഈ തുക തന്നെ മൂന്ന് നാല് മാസങ്ങൾക്കു ശേഷമാണ് അനുവദിക്കുന്നതും. പലചരക്ക്,പച്ചക്കറികൾ പാൽ, മുട്ട, ഗ്യാസ് തുടങ്ങിയ സാധനങ്ങളുടെയും വില പതിന്മടങ്ങ് വർദ്ധിച്ചു കഴിഞ്ഞു. ഈ നിരക്കിൽ ഉച്ചഭക്ഷണവും പാലും മുട്ടയും നൽകാൻ പണം തികയാത്ത അവസ്ഥയാണുള്ളത്.

ഒരാഴ്ചയിൽ ഒരു കുട്ടിക്ക് പരമാവധി 40 രൂപയാണ് ലഭിക്കുന്നത്. 300 മി.ലി പാലിന് 18 രൂപ, മുട്ടയ്ക്ക് 6 രൂപയും ചെലവഴിച്ചു കഴിഞ്ഞാൽ ബാക്കി 16 രൂപ കൊണ്ട് ഒന്നിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടെ ഉച്ചഭക്ഷണം,  ഗ്യാസിന്റെ ചെലവ് , അരിയുടെ വണ്ടി വാടക കയറ്റിറക്ക് കൂലി എന്നിവയും  നല്കണം. ഭീമമായ സംഖ്യയാണ് ഓരോ മാസവും പ്രധാനധ്യാപകന് കടബാധ്യതയായി വരുന്നത്. സർക്കാർ നൽകുന്ന തുച്ഛമായ എട്ടു രൂപ കൊണ്ട് ഭക്ഷണം നൽകാൻ കഴിയില്ല.

പണം ലഭിക്കാനുള്ള കച്ചവടക്കാരുടെയും ഗ്യാസ് ഏജൻസികളുടെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങൾ അസഹനീയമാണ്.

പാചകതൊഴിലാളികളുടെ ശമ്പളം യഥാസമയം കിട്ടാത്തത് കൊണ്ട് അവർക്കും അഡ്വാൻസായി പ്രധാനാദ്ധ്യാപകൻ തുക കൈമാറേണ്ട സാഹചര്യം നിലവിലുണ്ട്. ഈ ചെലവുകൾ വഹിക്കാൻ പര്യാപ്തമായ പി.ടി.എ കമ്മിറ്റികളല്ല നിലവിലുള്ളത്.

ആയതിനാൽ ഈ വലിയ സാമ്പത്തിക ബാധ്യത സഹിച്ച് ഒരു നിലക്കും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

2016ൽ അനുവദിച്ച എട്ട് രൂപ നിരക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രഥമാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും കെ.പി.പി.എച്ച്.എ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് സിബി കുര്യാക്കോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി ജാബിർ സ്വാഗതം ആശംസിച്ചു.  എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ ഷമീർ , നിസാർ ഹസ്സൻ , മീവാർ കെ.ആർ, സുനിൽ പോൾ, അബ്ദുൽ റസാഖ്.കെ വനിതാ ഫോറം ഭാരവാഹികളായ 

എം പി ഷൈന ,

 ജെസ്സി കെ.യു 

സെലിൻ തോമസ്, ഷർമിള.എം തുടങ്ങിയവർ സംസാരിച്ചു.

ട്രഷറർ ജിബിൻ പോൾ നന്ദി പറഞ്ഞു.