പത്മശ്രീ അലി മണിക് ഫാനെ സന്ദർശിച്ചു..*

 *പത്മശ്രീ അലി മണിക് ഫാനെ സന്ദർശിച്ചു..*



കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികൾ പത്മശ്രീ പുരസ്‌കാര ജേതാവും ശാസ്ത്ര ഗവേഷണ പ്രതിഭയുമായ അലി മണിക് ഫാനെ സന്ദർശിച്ചു.

അറിവിന്റെ കലവറയും കണ്ടുപിടുത്തങ്ങളുടെ വിസ്മയവുമായ അലി മണിക് ഫാനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായി മാറി.

ലക്ഷദ്വീപിന്റെ ചരിത്രവും വർത്തമാനവും സാംസ്‌കാരിക സവിശേഷതകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

പുതുതായി പണികഴിപ്പിച്ച കൊടിയത്തൂരിലെ 'ന്യൂ മൂൺ' വീട്ടിൽ താമസമാരംഭിച്ച അദ്ദേഹം തന്റെ പുസ്തകങ്ങളും പുരസ്‌കാരങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.

അലി മണിക് ഫാന്റെ പേരിൽ അറിയപ്പെടുന്ന മത്‍സ്യ വർഗത്തെക്കുറിച്ചും കുട്ടികൾ ചോദിച്ചു മനസ്സിലാക്കി.

ലോകമെങ്ങുമുള്ളവർക്ക് ഒരു പോലെ പിന്തുടരാവുന്ന അദ്ദേഹത്തിന്റെ ഏകീകൃത കലണ്ടർ കുട്ടികൾക്ക് സമ്മാനിക്കുകയും ചെയ്തു.

മിനിക്കോയ് സ്പെഷ്യൽ റോസ് വാട്ടറും ഫ്രൂട്ട്സും നൽകിയാണ് പത്മശ്രീ പുരസ്‌കാര ജേതാവ് കുട്ടികളെ യാത്രയാക്കിയത്.

പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു അധ്യാപകരായ ബൈജു എമ്മാനുവൽ, ബോബി ജോസഫ് വിദ്യാർത്ഥി പ്രതിനിധികളായ ജോബിൻ ജിമ്മി, എയ്ഞ്ചൽ മരിയ ജോളി, അലൻ ആന്റോ, നിയ മെൽബിൻ തുടങ്ങിയവർ നേതൃത്വം നൽകി.