ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടിയ സംഭവം; ഇന്ന് ആശുപത്രി സൂപ്രണ്ട് നേരിട്ട് വിവരങ്ങൾ ശേഖരിക്കും*
*ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടിയ സംഭവം; ഇന്ന് ആശുപത്രി സൂപ്രണ്ട് നേരിട്ട് വിവരങ്ങൾ ശേഖരിക്കും*
*കോഴിക്കോട് |* ബീച്ച് ജനറൽ ആശുപത്രിയിൽ രോഗികൾക്ക് മുന്നിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടിയ സംഭവത്തിൽ നടപടിയുണ്ടാകും. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോർട്ട് ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹൗസ് സർജൻമാരിൽ നിന്ന് അന്വേഷണ സമിതി മൊഴിയെടുത്തത് കൂടാതെ ഇന്ന് ആശുപത്രി സൂപ്രണ്ട് നേരിട്ട് വിവരങ്ങൾ ശേഖരിക്കും.
ഹൗസ് സർജൻമാർ അച്ചടക്കം ലംഘിച്ചതായും ഇത് ആശുപത്രിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചതായും അധികൃതർ വിലയിരുത്തുന്നു. ബീച്ച് ആശുപത്രിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം റിപോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു ഹൗസ് സർജൻമാർ രോഗികൾക്കും കൂടെവന്നവർക്കും മുന്നിൽ ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഹൗസ് സർജൻമാരിൽ ഒരാൾ സമയം വൈകിയെത്തിയതിനെ മറ്റെയാൾ ചോദ്യം ചെയ്തതാണ് വാക്ക് തർക്കത്തിന് ഇടയായത്.
രോഗികളുടെ മുമ്പിൽ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സർജൻമാരുടെ മുറിയിലും തുടർന്നു. പ്രശ്‌നങ്ങൾ അര മണിക്കൂറോളം നീണ്ടു. അടിപിടിയെ തുടർന്ന് ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതിപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്.