തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് (FHC)ദേശീയ അംഗീകാരം*
*തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് (FHC)ദേശീയ അംഗീകാരം*
രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ മികച്ച സ്കോറിൽ NQAS അംഗീകാരം ( 92%) നേടി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം.
ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) പരിശോധനയിലാണ് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് നേടിയത്.
ജില്ലാ സംസ്ഥാന ദേശീയ തലങ്ങളില്‍ ഘട്ടംഘട്ടമായി നടത്തുന്ന മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
പ്രതിമാസം 4500 മുതൽ 5500വരെ ആളുകള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മലയോര മേഖലയിലെ സർക്കാർ ആശുപത്രിയാണ് തിരുവമ്പാടി എഫ്.എച്ച്.സി.
ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിൻ്റെ ഭാഗമായി സാംക്രമിക രോഗ പ്രതിരോധ പ്രവർത്തനം, പാലിയേറ്റീവ് പരിചരണം, രോഗപ്രതിരോധ കുത്തിവെപ്പ്, ജീവിതശൈലീ രോഗ നിർണയ- നിയന്ത്രണ പരിപാടി, ക്ഷയരോഗ നിർമാർജന പരിപാടി, ഐ.ഡി.എസ്.പി പ്രവർത്തനങ്ങൾ, സമ്പൂർണ മാനസികാരോഗ്യ പരിപാടി, കൗമാരാരോഗ്യ ക്ലിനിക്കുകള്‍,മാതൃ ശിശു സംരക്ഷണ പരിപാടി, സ്ക്കൂൾ ഹെൽത്ത് പ്രോഗ്രാം ,നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം ,അന്ധതാനിവാരണ പരിപാടി എന്നിവ കൂടുതൽ കാര്യക്ഷമമാക്കി.
ഒ.പി. മുറികൾ വയോജന - സ്ത്രീ സൗഹൃദമാക്കി, കൺസൽട്ടേഷൻ ,ഒബ്സർവേഷൻ, കൗൺസിലിംഗ്, മുലയൂട്ടൽ മുറി എന്നിവയുടെ സ്വകാര്യത ഉറപ്പുവരുത്തി.
ആവശ്യമായ മരുന്നുകളും ലാബ് പരിശോധനകളും ലഭ്യമാക്കിക്കൊണ്ട് ലബോറട്ടറിയുടെയും ഫാർമസിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കി. വിജ്ഞാനത്തിനും വിനോദത്തിനുമായി വായന കോർണർ, ഉദ്യാനം, കാത്തിരിപ്പു കേന്ദ്രത്തിൽ വീഡിയോ പ്രദർശന സൗകര്യം , കുട്ടികളുടെ കളിസ്ഥലം എന്നിവ ഒരുക്കി.
ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായി ആരോഗ്യ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു.
ആശുപത്രിയിൽ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ രീതി അവലംബിക്കുക വഴി ഇൻഫക്ഷൻ കൺട്രോൾ, ഹരിത ഓഫീസ് പ്രോട്ടോകോൾ എന്നിവ പാലിച്ചു. ദേശീയക്വാളിറ്റി മാനദണ്ഡമനുസരിച്ച് ജീവനക്കാര്‍ക്ക് വിവിധതരം പരിശീലന പരിപാടികള്‍ നടത്തി.
ഒ.പി വിഭാഗം,ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ലബോറട്ടറിയുടെ പ്രവർത്തനം എന്നീ നാല് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.
ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.
എഫ്.എച്ച്.സി യുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി എന്‍എച്ച്എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും, വിവിധ സംഘടനകളുടെ സഹായവും വിനിയോഗിച്ചു.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ അംഗീകാരം ആശുപത്രി വികസനത്തിനും പൊതുജനങ്ങൾക്കും വളരെയധികം പ്രയോജനപ്പെടും.
ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.