ഏഴു വർഷത്തെ കിണറ്റിലെ ജീവിതം അവസാനിപ്പിച്ച് പൂച്ച

 കിണറ്റിൽ കുടുങ്ങിയ പൂച്ചയെ പുറം ലോകത്തെത്തിച്ച് 

എൻ്റെ മുക്കം സന്നദ്ധ സേന


മുക്കം: ഉപയോഗശൂന്യമായ കിണറിൽ വീണ് ഏഴു വർഷം തള്ളിനീക്കിയ പൂച്ചയെ കരക്കെത്തിച്ച് എൻ്റെ മുക്കം സന്നദ്ധ സേനാപ്രവർത്തകർ. ചേന്ദമംഗലൂർ ഹൈസ്കൂൾ റോഡിലെ 

ചക്കിട്ടക്കണ്ടി  കണ്ടൻ -കൊറ്റി ദമ്പതികളുടെ ഉപയോഗശൂന്യമായ കിണറിൽ വീണ പൂച്ചയാണ് വർഷങ്ങൾക്കിപ്പുറം വെളിച്ചത്തേക്കെത്തുന്നത്.നേരത്തേ,അബദ്ധത്തിൽ വീണുപോയ പൂച്ചയെ രക്ഷിക്കാൻ വീട്ടുകാർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. പൂച്ചക്ക് സ്വയമേവ കയറിപ്പോരാൻ പാകത്തിൽ കവുങ്ങിൻ കഷ്ണങ്ങൾ ഇറക്കി നോക്കിയതും പരാജയപ്പെട്ടു. ഉപയോഗശൂന്യമായ കിണറിൻ്റെ അടിഭാഗത്ത് ഇടിഞ്ഞ് പൊളിഞ്ഞ മാളങ്ങളുള്ളതിൽ പൂച്ച അഭയം തേടിയതോടെ

പൂച്ചയെ രക്ഷപ്പെടുത്താൻ സാധ്യമല്ലെന്ന തിരിച്ചറിവ് വന്നു.തുടർന്ന് പൂച്ചക്ക് യഥാസമയം ഭക്ഷണമെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാർ. മാതാവ് കൊറ്റി മകൻ സുനിൽ കുമാർ, മരുമകൾ ബേബി സുമതി എന്നീ കുടുംബാംഗങ്ങളുടെ പരിചരണത്തിൽ ഏഴു വർഷം പൂച്ച ഈ കിണറിൽ താമസിച്ചു എന്നതാണ് ഏറെ അദ്ഭുതം.

കിണറിലകപ്പെട്ട ഈ പൂച്ചയെയാണ് എൻ്റെ മുക്കം സന്നദ്ധസേന കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി പുതു ജീവിതത്തിലേക്ക് തുറന്നു വിട്ടത്.


   ഏഴുവർഷമായി കിണറിലകപ്പെട്ട പൂച്ചയുടെ അവസ്ഥ അറിഞ്ഞ സന്നദ്ധസേനാംഗം ഷബീർ പുൽപ്പറമ്പിൽ വിവരം  ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.ഉടൻ തന്നെ എൻ്റെ മുക്കം സന്നദ്ധ സേനാംഗവും വനം വകുപ്പ് ആർ.ആർ.ടി. ടീമംഗവുമായ കബീർ കളൻതോട് സ്ഥലത്തെത്തിച്ചേരുകയും ചെയ്തു. ഇദ്ദേഹം  കയറുകെട്ടി കിണറ്റിലിറങ്ങിയാണ് പൂച്ചയെ രക്ഷിച്ചത്. സന്നദ്ധ സേനാംഗങ്ങളും തദ്ദേശീയരുമായ ഷഫീക്ക് ചേന്ദമംഗലൂർ, ജിനാസ് കുട്ടൻ, ഷബീർ പുൽപ്പറമ്പ് എന്നിവരും മുനീഷ് കാരശ്ശേരിയും കൂടി കൂടി കബീർ കളൻതോടിൻ്റെ രക്ഷാദൗത്യത്തിൽ സഹായികളായി പങ്കുചേർന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ, വളരെ വേഗത്തിൽ പൂച്ചയെ കരക്കെത്തിക്കാൻ സന്നദ്ധ സേനാംഗങ്ങളുടെ ഇടപെടലിലൂടെ സാധിച്ചു.



     ഏതായാലും ഏഴു വർഷം ഒരു പൂച്ച കിണറിലകപ്പെട്ടു കഴിഞ്ഞു എന്നത് വിശ്വസിക്കാൻ പ്രയാസമായിടത്ത്, ആ മിണ്ടാപ്രാണിയെ  രക്ഷിച്ച് പുതിയ ജീവിതത്തിലേക്കെത്തിക്കാൻ എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങൾക്ക് സാധിച്ചു എന്നതാണ് ഏറെ അദ്ഭുതം.