കെ എസ് ആർ ടി സി ചരിത്രം....
കെ എസ് ആർ ടി സി ചരിത്രം....
ആനവണ്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കേരളത്തിന്റെ കൊമ്പൻ - “കേരള സംസ്ഥാന നിരത്ത് ഗതാഗത സംസ്ഥാപിത സംഘം” (KSRTC). തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് (TSTD) എന്നുള്ള പേരിൽ 1937 ൽ ശ്രീ ചിത്തിര തിരുനാൾ ആണ് ഈ ബസ് കമ്പനി സ്ഥാപിച്ചത്. യഥാർത്ഥത്തിൽ ഇതിനു പുറകിലുള്ള തലച്ചോറ് സർ സിപി രാമസ്വാമി അയ്യരുടേതായിരുന്നു.
പ്രൈവറ്റ് ബസ് സർവീസുകൾ അതിനും വളരെക്കാലം മുൻപേ ഉണ്ടായിരുന്നു. നമ്മുടെ ആദ്യത്തെ ബസ് സർവീസ്, പാലാ, മീനച്ചിൽ മോട്ടോർ അസ്സോസ്സിയേഷൻ വക ബസ് ആയിരുന്നു എന്ന് പറയപ്പെടുന്നു. 1909 അവസാനം ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന, ത്രോണിക് ക്രാഫ്റ്റ് എന്ന കമ്പനി നിർമ്മിച്ച ബസ്. ചെലവ് അന്നത്തെ ആയിരം പവൻ. അതോടൊപ്പം 1910 ൽ അരുമന ശ്രീനാരായണന്‍ തമ്പി തുടങ്ങിയ കൊമേർഷ്യൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ലിമിറ്റഡ് വക ബസ് സർവീസും ഉണ്ടായിരുന്നു.
Sir C P - The most underrated Administrator. നമ്മുടെ ചരിത്രം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അഡ്മിനിസ്ട്രേറ്റർ ആയിരുന്നു സിപി രാമസ്വാമി അയ്യർ എന്ന് വേണം കരുതാൻ. അദ്ദേഹത്തിലെ ഭരണതന്ത്രജ്ഞത ഉയർന്ന തലത്തിൽ നിൽക്കുമ്പോഴും അദ്ദേഹത്തിലെ രാഷ്ട്രീയതയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു താനും. നമുക്ക് ലഭിച്ച, ഇന്നും നല്ല നിലയിൽ തുടർന്ന് പോകുന്ന പല പദ്ധതികളുടെയും വിഭാവനവും നടപ്പിലാക്കലും സർ സിപി യുടേതായിരുന്നു. പക്ഷെ രാജശാസനം എന്ന നിലയിൽ മാത്രമേ അവ പുറത്തു വരാറുള്ളൂ എന്ന് മാത്രം. സിപി യെ കുറിച്ച് പിന്നീട്.
നൊസ്റ്റാൾജിയ എന്ന പേരും കൂടിചേർത്ത് KSRTC യെ മലയാളി കൊണ്ടാടുമ്പോൾ അതെ KSRTC യുടെ ചരിത്രത്തിലേക്ക് മിഴി തുറക്കുന്ന ഒരു നല്ല മ്യൂസിയം നമുക്ക് ഇന്നും അന്യമാണ് എന്ന വേദനകൂടി പങ്കുവെച്ചുകൊണ്ടു തുടരാം. മ്യൂസിയം വരുന്നു എന്ന വാർത്ത 2020 ൽ കണ്ടിരുന്നു. ഇടയ്ക്കു ചില ചിത്ര പ്രദർശനങ്ങളും നടക്കാറുണ്ട്.
ആനയുടെ ചിഹ്നം ഉണ്ടായിരുന്നതുകൊണ്ടും അല്പം ഉയരത്തിൽ ഇരുന്നു യാത്ര ചെയ്യാമെന്നുള്ളതുകൊണ്ടും വീണ പേരാകാം ആനവണ്ടി എന്നുള്ളത്. ലണ്ടൻ പാസ്സഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡ് Asst. ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന ഇ.ജി.സാൽട്ടറുമായി തിരുവിതാംകൂർ കൂടിക്കാഴ്ചകൾ നടത്തുകയും തുടർന്ന് അദ്ദേഹത്തെ 1937 സെപ്റ്റംബർ 20 നു തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് - TSTD യുടെ സൂപ്രണ്ടായി നിയമിക്കുകയും ചെയ്തു. ഇപ്പോൾ KSRTC ഇന്റലിജിൻസ് വിഭാഗത്തിന് സാൾട്ടർ എന്ന പേരാണ് നൽകിയിരിക്കുന്നത്.
ആദ്യമായി 60 ബസുകളാണ് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തത്. കോമ്മെർ (ക്രൈസ്‌ലർ-റെനോ) PN സീരീസ് 3 ഷാസിയും പേർക്കിൻസ് (കാറ്റര്‍പില്ലര്‍) ലിൻക്സ് എൻജിനും ആയിരുന്നു ഈ ബസുകളിൽ ഉണ്ടായിരുന്നത്. സിപി യുടെ നിർബന്ധ പ്രകാരം ഭൂരിപക്ഷം ബോഡിയും നാട്ടിൽ തന്നെ തടികൊണ്ട് ചാക്ക വർക്ക് ഷോപ്പിൽ ആണ് ചെയ്തത്. തകിടുകൾ, ബോൾട്ടുകൾ എന്നിവ ബോംബെയിൽ നിന്നും വരുത്തി. ചില്ലുകൾ ഇംഗ്ലണ്ടിൽ നിന്നും വരുത്തി.
TSTD യുടെ ഉദ്ഘാടനം അതിഗംഭീരം ആയിരുന്നു എന്ന് പറയപ്പെടുന്നു. 1938 ഫെബ്രുവരി 20 ന്, 33 ബസുകളുടെയും ഒരു വലിയ ജനക്കൂട്ടത്തിന്റെയും അകമ്പടിയോടുകൂടി ഇ.ജി.സാൾട്ടർ സാരഥിയായ, അലങ്കരിക്കപ്പെട്ട, ലെതർ സീറ്റുകളുള്ള ബസിൽ രാജാവും കുടുംബാംഗങ്ങളും കയറുകയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുൻപിൽ നിന്നും കവടിയാർ കൊട്ടാരത്തിലേക്കു ഘോഷയാത്രയായി യാത്ര ചെയ്യുകയും ചെയ്തതോടെ ബസ് സർവീസ് തുടങ്ങി.
ആദ്യ സർവീസുകൾ തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കും പിന്നീട് നാഗർകോവിലിലേക്കും, നാഗർകോവിലിൽ നിന്ന് കന്യാകുമാരിയിലേക്കും, നാഗർകോവിലിൽ നിന്നും കുളച്ചിലിലേക്കും ആയിരുന്നു. ലണ്ടൻ പാസ്സഞ്ചർ എന്ന പേര് ആണ് ഈ സർവീസുകൾക്കു പൊതുവിൽ കൊടുത്തത് എന്ന് വായിച്ചിരുന്നു. പിൽക്കാലത്തു പെട്രോൾ ബസുകൾ വന്നപ്പോൾ അവയെ ഇന്റർനാഷണൽ എന്നും വിളിക്കുകയുണ്ടായി എന്നും കണ്ടിട്ടുണ്ട്.
ചൂരൽ കൊണ്ടും തടി കൊണ്ടും നിർമ്മിച്ച 23 സീറ്റുകളുള്ള ബസ്സുകൾ ആയിരുന്നു ആദ്യത്തേത്. അരചക്രം (8 കാശ്) ആയിരുന്നു ഒരു മൈലിനുള്ള സാധാരണ ബസ്സുകൂലി. മിനിമം കൂലി ഒരു ചക്രവും. എല്ലാ ബസ്സിനും മുൻപിൽ കുഷ്യനിട്ട ഫസ്റ്റ് ക്ലാസ്സ് വിഭാഗം നാല് സീറ്റ് ഉണ്ടായിരുന്നു. അവിടെ ബസ്സുകൂലി മുക്കാൽ ചക്രം മുതൽ നാല് ചക്രം വരെ ആയിരുന്നു. മൂന്നു വയസ്സ് വരെ കൂലിയില്ല, മൂന്നു മുതൽ 14 വയസ്സുവരെ പകുതി ബസ്സുകൂലി.
പൊതുജനങ്ങൾക്ക് പാർസൽ അയക്കാനുള്ള സംവിധാനം അന്നേയുണ്ടായിരുന്നു. അത് കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥരും. അതുകൂടാതെ ബസ്സിൽ യാത്രയുടെ കൂടെ 13 കിലോ ലഗേജ് ഫ്രീയായി കൊണ്ടുപോകാമായിരുന്നു. എന്നാൽ 28 പൗണ്ട് (13 കിലോ) മുതൽ 56 പൗണ്ട് വരെ നാല് ചക്രവും, അതിനു മുകളിലോട്ടു 112 പൗണ്ട് വരെ ആറ് ചക്രവും കൊടുക്കണമായിരുന്നു.
ബസ്സിലിരുന്നു മുറുക്കി തുപ്പാൻ പാടില്ലായിരുന്നു. വഴിയിൽ നിന്ന് തോർത്തുവീശിയോ കുട കാണിക്കുകയോ ചെയ്‌താൽ ബസ്സു നിർത്തിക്കൊടുക്കണമായിരുന്നു.
തുടങ്ങിയതിനു ശേഷം വളരെക്കാലം സംരംഭത്തിന് ആഘാതം വരുന്ന രീതിയിലുള്ള സമരങ്ങൾ TSTD/KSRTC യെ ബാധിച്ചിരുന്നില്ല എങ്കിലും 1949 ലും 1952 ലുമൊക്കെ ചില സമരങ്ങളും പണിമുടക്കുകളും നടന്നിരുന്നു. 1954 ലാണ് പ്രധാനമായ ഒരു സമരം നടന്നത്. പെൻഷൻ, ബോണസ് മുതലായവ ആവശ്യപ്പെട്ടു നടന്ന സമരം നേതാക്കളിൽ പലർക്കും കടുത്ത ശാരീരിക പീഡനം ഏല്കുന്നതിനു കാരണമായി. അന്ന് വെളിയം ഭാർഗവൻ എന്ന നേതാവിന്റെ ഒരു സൈഡിലെ ചില മീശരോമങ്ങൾ പോലീസ് കൊടിൽ കൊണ്ട് പിഴുതിരുന്നു. പിരിച്ചു വിടപ്പെട്ട സമരക്കാരെ 1957 ലാണ് സർവീസിൽ തിരിച്ചെടുത്തത്.
1970 കളിൽ നടന്ന ബോണസ് സമരം 17 ദിവസം നീണ്ടുനിന്നു. സമരം വിജയിച്ചില്ല. പിന്നീട് 1993 ലും 94 ലും എം പാനലിനെതിരെയും പ്രൊമോഷൻ തടഞ്ഞതിനെതിരെയും മറ്റുമായി സമരങ്ങൾ നടന്നു. കേരളത്തിൽ ആദ്യമായി എസ്മ ആക്ട് സർക്കാർ പ്രയോഗിച്ചത് ഈ സമയത്താണ്. എങ്കിലും അവസാനം സമരക്കാർ ആവശ്യങ്ങൾ നേടിയെടുത്തു. ഇപ്പോഴത്തെ കാര്യങ്ങളൊക്കെ എല്ലാവർക്കും അറിവുള്ളതാണല്ലോ.
2021 ൽ കർണാടകയുമായുള്ള നിയമപോരാട്ടത്തിൽ നാം വിജയിക്കുകയും ട്രേഡ് മാർക് ആക്ട് 1999 പ്രകാരം KSRTC എന്ന ഷോർട് ഫോമും, എംബ്ലവും, ആനവണ്ടി എന്ന പേരും സ്വന്തമാക്കുകയും ചെയ്തു..
ആനവണ്ടി എന്ന പേര് നാം KSRTC ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ട് എങ്കിലും യഥാർത്ഥ ആനവണ്ടി ചിത്രങ്ങളിൽ കാണാം. പഴയ ശ്രീലങ്കയിൽ തേയില ഫാക്ടറിയിലേക്കുള്ള ബോയിലർ വണ്ടിയിൽ വലിച്ചു കൊണ്ട് പോകുന്നത് ആനകളാണ്. അതോടൊപ്പം മറ്റു ചില ഇന്ത്യൻ കാഴ്ചകളും. ഇതൊക്കെയല്ലേ യഥാർത്ഥ “ആനവണ്ടി”
KSRTC ക്കു ഓർഡിനറി, TT, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസ്സഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് (കണ്ണൂർ ഡീലക്സ് പ്രശസ്തം - Tata TMB312 Chassis), സൂപ്പർ എക്സ്പ്രെസ്സ്, സന്ദേശ വാഹിനി, ഡബിൾ ഡെക്കർ,മലബാർ, വേണാട്, ശബരി, തിരു-കൊച്ചി, മിന്നൽ, ഗരുഡ, വെസ്റ്റിബ്യുൾ, ജൻറം, ഹൈടെക്, ലോ ഫ്ലോർ, ജനത എന്നിങ്ങനെ പല പേരുകളിൽ സർവിസുകൾ ഉണ്ട് / ഉണ്ടായിരുന്നു. KURTC എന്ന ഉപകമ്പനിയിൽ ലോ ഫ്ലോർ ബസുകൾ ഉള്ളപ്പോൾ SWIFT എന്ന ഉപകമ്പനിയിൽ ദീർഘ ദൂര സർവീസുകൾ നടത്തപ്പെടുന്നു.
KSRTC ചില പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. അതോടൊപ്പം ചില സർവീസുകൾക്കു മറ്റു പേരുകളും വീണിരുന്നു. അവയിൽ ചിലവ താഴെ.
കടും മഞ്ഞയും മറ്റു പല കളറുകളും ഉള്ള രാജധാനി എന്ന പോയിന്റ് റ്റു പോയിന്റ് സർവീസ് ചില ജില്ലകളിൽ ഉണ്ടായിരുന്നു. ടെറാപ്ലെയിൻ എന്ന പേരിൽ സർവീസ് ഉണ്ടായിരുന്നു. വൈറ്റ് എക്സ്പ്രസ്സ് എന്ന പേരിൽ സർവീസ് ഉണ്ടായിരുന്നു. സിൽവർലൈൻ ജെറ്റ്, പിങ്ക് ബസ്, മിനി ബസ്, അനന്തപുരി എന്നൊക്കെയുള്ള പേരിൽ സർവീസ് നടത്തപ്പെട്ടിരുന്നു.
മലപ്പുറം-ഊട്ടി സർവീസ് ജപ്തിവണ്ടി എന്നപേരിൽ ആണ് അറിയപ്പെട്ടിരുന്നത്. ലാഭകരം ആയ റൂട്ട് ആയിരുന്നു. KSRTC ഏതെങ്കിലും കേസിൽ നഷ്ടപരിഹാരത്തുക അടച്ചില്ലെങ്കില് ഈ വണ്ടിയാണ് ജപ്തി ചെയ്യാനുള്ള നോട്ടപ്പുള്ളി. 10 ൽ കൂടുതൽ തവണ ജപ്തി (1985 മുതൽ 2016 വരെ) നേരിട്ടിട്ടുണ്ട് ഈ ബസ്.
ഈരാറ്റുപേട്ടയിൽ നിന്നും കട്ടപ്പനക്കു സ്ഥിരമായി സർവീസ് നടത്തിക്കൊണ്ടിരുന്ന ഒരു ബസ് ആലുവയിലേക്കു മാറ്റിയപ്പോൾ വിദ്യാർത്ഥിനികൾ ഫോൺ ചെയ്തു പരാതി പറഞ്ഞു. ഈ പരാതി സോഷ്യൽ മീഡിയയിൽ പറന്നു നടന്നു. അങ്ങനെ ആ ബസ് അവർക്കു തിരികെ കിട്ടി. അതാണ് “ചങ്ക്
"ആശംസകളോടെ "
മലയോര മേഖല KSRTC ഫോറം H. O തോട്ടുമുക്കം, കോഴിക്കോട്, രജിസ്റ്റർ നമ്പർ :S 39/2011
ബ്രാഞ്ച് :ആനക്കാംപൊയിൽ, മരഞ്ചാട്ടി, പേരിവില്ലി, പൂവാറൻതോട്, നെല്ലിപൊയിൽ, നായാടംപൊയിൽ