സംസ്ഥാനത്ത് നിലവിൽ കോവിഡ് ആശങ്കയില്ലെന്ന് ആരോഗ്യവകുപ്പ്*

 *'കോവിഡില്‍ അനാവശ്യ ഭീതി പടർത്തരുത്,കോവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരും' ഐഎംഎ*




തിരുവനന്തപുരം:കോവിഡ് ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളിൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമായി തുടരാൻ സാധ്യതയുള്ളതിനാൽ  കോവിഡിനെ  കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു.എന്നാൽ പുതിയ വകഭേദങ്ങളെക്കുറിച്ച്  ജീനോമിക് സീക്വൻസിഗ് മറ്റ് പല രോഗങ്ങളിലുമെന്നപോലെ ഇതിലും ശക്തമായി തുടരേണ്ടതിന്റെ ആവശ്യകത പ്രസക്തമാണ്.അത്തരം പരിശോധനകൾ കേരളത്തിലും വ്യാപകമായി ചെയ്യേണ്ടതായുണ്ട്.ആരോഗ്യ പ്രവർത്തകർ,രോഗ ലക്ഷണമുള്ളവർ,അടച്ചിട്ട മുറികളിൽ വളരെ അടുത്ത് ദീർഘനേരം അപരിചിതരുമായി സംസാരിക്കുന്നവർ തുടങ്ങിയ ആൾക്കാർ മാസ്ക് ഉപയോഗിക്കേണ്ടതാണ്.



ചില രാജ്യങ്ങളിലെ വ്യാപനം  ഒമിക്രോൺ വേരിയന്‍റിന്‍റെ  ഉപവിഭാഗം ആയതിനാൽ തന്നെ ഗുരുതരമായ  രീതിയിലേക്ക് രോഗം മാറുവാനുള്ള  സാധ്യത കുറവാണ്.സമൂഹമാധ്യമങ്ങളിൽ  കോവിഡ്  ഉപവിഭാഗങ്ങളെക്കുറിച്ച്  ഭീതിജനകമായ വസ്തുതകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളയുന്നു.അകാരണമായി ഭീതി വരുത്തുന്ന ഇത്തരം സന്ദേശങ്ങളും പ്രവർത്തനങ്ങളും സ്വീകാര്യമല്ല .കോവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരും എന്നുള്ളതാണ് വസ്തുത.പുതിയ ഔട്ട് ബ്രേക്കുകളെ കുറിച്ച് നിദാന്ത ജാഗ്രത പുലർത്തുവാനും അതിനെക്കുറിച്ച് നിരന്തരം വിശകലനം ചെയ്യുവാനുമുള്ള  സംവിധാനങ്ങൾ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻകാലങ്ങളിലെന്നപോലെ തുടരുന്നതാണ്.


*ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ*



ലോകത്ത്  കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 5,37,000 പുതിയ കൊറോണ കേസുകളാണ് ലോകത്തെ പല രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തത്. ചൈന, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ കൂടുതാലായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 145 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


ചൈനയില്‍ വ്യാപകമായി പെരുകുന്ന ഒമിക്രോണ്‍ ഉപ വകഭേദമായ BF.7  ബാധിച്ച 4 രോഗികളെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഇതിനോടകം സുഖം പ്രാപിച്ചു കഴിഞ്ഞു, എങ്കിലും ഈ വസ്തുത കണക്കിലെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (India Medical Association-IMA) പുതിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.  


_


ചൈനയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അലേർട്ട് മോഡിലെത്തി. ഒപ്പം  COVID-19 സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തിൽ വരുമെന്നും എല്ലാവരും കോവിഡ്  തടയുനതിന് ഉചിതമായ പെരുമാറ്റം പിന്തുടരണമെന്ന് അസോസിയേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. മാസ്ക് ധരിയ്ക്കുക, സാമൂഹിക അകലം പാലിയ്ക്കുക തുടങ്ങിയവ അടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് IMA നല്‍കിയിരിയ്ക്കുന്നത്. 


അതേസമയം, ശക്തമായ ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലകളിലെ സമർപ്പിത മെഡിക്കൽ ആരോഗ്യ പ്രവര്‍ത്തകര്‍, സർക്കാരിൽ നിന്നുള്ള സജീവ നേതൃത്വ പിന്തുണ, മതിയായ മരുന്നുകളുടെയും വാക്സിനുകളുടെയും ലഭ്യത എന്നിവയാൽ മുൻകാലത്തെപ്പോലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് IMA വ്യക്തമാക്കി. 


2021 പോലെ ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി  IMA വ്യക്തമാക്കി. കൂടാതെ, അടിയന്തര സേവനങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മരുന്നുകൾ, ഓക്സിജൻ വിതരണം, ആംബുലൻസ് സേവനങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുക, അവശ്യ ഘട്ടത്തില്‍ വേണ്ട  നടപടികൾ സ്വീകരിക്കാൻ സംസ്ഥാന, പ്രാദേശിക ശാഖകൾക്ക് ഉപദേശം, കൊവിഡ് പടരുന്ന സാഹചര്യത്തിൽ പ്രാഥമിക നടപടികൾ സ്വീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍  IMA ഇതിനോടകം നല്‍കിക്കഴിഞ്ഞു. 


അതേസമയം, നിലവില്‍ സ്ഥിതി ആശങ്കാജനകമല്ലെന്നും അതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഐഎംഎ അറിയിച്ചു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ തടയുന്നതാണ് നല്ലത്. അതിനാൽ, വൈറസ് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന്  IMA നിർദ്ദേശിച്ചു. 


*⚠️IMA പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ ചുവടെ; -*


1. എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിയ്ക്കുക. 


2. സാമൂഹിക അകലം പാലിയ്ക്കുക. 


3. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക അല്ലെങ്കിൽ സാനിറ്റൈസര്‍ പയോഗിക്കുക. 


4. വിവാഹം, രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക യോഗങ്ങൾ തുടങ്ങിയ പൊതുയോഗങ്ങൾ കഴിവതും  ഒഴിവാക്കുക. 


5. അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കുക.


6. പനി, തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.


7.  ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയും പെട്ടെന്ന് നിങ്ങളുടെ കോവിഡ് വാക്സിനേഷൻ  പൂർത്തിയാക്കുക.


8. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.



*സംസ്ഥാനത്ത് നിലവിൽ കോവിഡ് ആശങ്കയില്ലെന്ന് ആരോഗ്യവകുപ്പ്*



സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്‌സിനേഷനിലൂടെയുള്ള കോവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. ഭൂരിഭാഗം പേരും ഒന്നാം ഡോസ് വാക്‌സിനും, 88.55 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും, മുന്നണി പോരാളികളിൽ 19.30 ശതമാനം പേർ കരുതൽ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.


കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്‌സിനേഷനിലും സംസ്ഥാനം ഏറെ മുന്നിലാണ്. 15-17 വയസ് പ്രായക്കാരിൽ, 84.16 ശതമാനം ഒന്നാം ഡോസും, 57.12 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8 ശതമാനം ഒന്നാം ഡോസും, 24.97 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു.


അതേസമയം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.




*സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം*


വിവിധ രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. അതിനാല്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 


കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്‍കി.


*കോവിഡ്: വിദേശത്ത് നിന്ന് എത്തുന്നവർക്ക് റാൻഡം പരിശോധന ആരംഭിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി*


രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് ആശങ്കകൾ പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വിദേശത്ത് നിന്നും രാജ്യത്ത് എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങിയതായി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. 


ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ആഗോള കോവിഡ് സാഹചര്യം സർക്കാർ നിരീക്ഷിക്കുകയാണെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്ത് മന്ത്രി അറിയിച്ചു. റാൻഡം സാമ്പിളിംഗിന് പുറമെ കോവിഡിന്റെ പുതിയ വകഭേദങ്ങൾ തിരിച്ചറിയാൻ ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.




മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ജാഗ്രത മതി ആശങ്ക വേണ്ടെന്നും മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.


കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് വളരെ സജീവമാണ്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. ഇതുവരെ 220 കോടി രൂപയുടെ വാക്‌സിൻ ഷോട്ടുകൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.