വാതിൽപ്പടി സേവനത്തിൽ സ്തുത്യർഹമായ നേട്ടം; വളണ്ടിയർമാർക്ക് ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

 വാതിൽപ്പടി സേവനത്തിൽ സ്തുത്യർഹമായ നേട്ടം; വളണ്ടിയർമാർക്ക് ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്



മുക്കം:  പ്രായാധിക്യവും ഗുരുതര രോഗം കാരണവും ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ,  ഭിന്നശേഷിക്കാർ, മറ്റാരുടെയും ആശ്രയമില്ലാത്തത് കാരണം സർക്കാർ സേവനങ്ങൾ ലഭിക്കാത്തവർ തുടങ്ങി സമൂഹത്തിൽ   ഒറ്റപ്പെട്ടുപോയവർ,  അതിദരിദ്രർ എന്നീ വിഭാഗത്തിൽ പെടുന്നവർക്ക് സർക്കാർ സേവനം വീടുകളിൽ എത്തിക്കുന്ന പദ്ധതിയായ

വാതിൽപ്പടി സേവനം മികച്ച രീതിയിൽ നടപ്പാക്കുകയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം നടത്താൻ പഞ്ചായത്തിനൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്ത വാതിൽപ്പടി വളണ്ടിയർമാർക്ക് ആദരമൊരുക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ 350 വാതിൽപ്പടി ഗുണഭോക്താക്കൾക്കായി സേവനം ചെയ്യുന്ന 45  വളണ്ടിയർമാരാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്, ഇവർക്കുള്ള ആദരവ് പഞ്ചായത്ത് ഹാളിൽ വെച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. 

ജില്ലയിൽ വാതിൽപ്പടി സേവനം പൈലറ്റ് പദ്ധതിയായി ആദ്യഘട്ടത്തിൽ ആരംഭിച്ച 2 പഞ്ചായത്തുകളിൽ ഒന്നാണ് കൊടിയത്തൂർ.പദ്ധതി വഴി

ആധാർ കാർഡ് മൊബൈൽ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗിക്ക് വീടിലെത്തി സേവനം നൽകിയതിന് പുറമെ, കാലങ്ങളായി ആധാർ കാർഡ് ഇല്ലാത്തത് കാരണം സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരുന്ന   2 പേർക്ക് വീടുകളിലെത്തി ആധാർ കാർഡ് എടുത്തു നൽകുകയും ചെയ്തു.ശേഷം റേഷൻ കാർഡ് ഉണ്ടാക്കാൻ കഴിഞ്ഞതും പെൻഷൻ  ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചതും റേഷൻകാർഡിൽ ആധാർ കാർഡ് ലിങ്ക് ചെയ്യാനും സാധിച്ചതും അവർക്ക് വലിയ ആശ്വാസമായി.

 വിവിധ കാരണങ്ങളാൽ പെൻഷൻ തടയപ്പെട്ട 3 പേർക്ക് പെൻഷൻ ലഭ്യമാകുന്നതിനും സാധിച്ചിട്ടുണ്ട്. ഇവർക്ക് മരുന്നുകൾ ഉൾപ്പെടെ പാലിയേറ്റീവ് വളണ്ടിയർമാർ, മുഖേനയും മറ്റും എത്തിച്ചു നൽകി വരികയും ചെയ്യുന്നുണ്ട്.

കോവിഡ് വാക്സിൻ ആവശ്യമുള്ളവർക്ക് അതും വീടുകളിലെത്തി നൽകിയിരുന്നു. മാത്രമല്ല വീട്ടിലേക്കാവശ്യമായ സാധനങ്ങളും വളണ്ടിയർമാർ എത്തിച്ചു നൽകുന്നുണ്ട്.

ഇതോടൊപ്പം വാട്ടർ ബെഡ്, ഷുഗർ മെഷീൻ, മരുന്നുകൾ എന്നിവയും വീടുകളിലെത്തിച്ച് നൽകിയിട്ടുണ്ട്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ

ബാബു പൊലുകുന്ന്, അബ്ദുൽ മജീദ് രിഹ്ല, കരീം പഴങ്കൽ, ടി.കെ അബൂബക്കർഐ സി ഡി എസ് സൂപ്പർ വൈസർ ലിസ തുടങ്ങിയവർ സംബന്ധിച്ചു.