പേടിസ്വപ്നമായി കക്കാടംപൊയിൽ റോഡിലെ എസ് വളവ്*

 *പേടിസ്വപ്നമായി കക്കാടംപൊയിൽ റോഡിലെ എസ് വളവ്*




 കക്കാടംപൊയിൽ റോഡിലെ പീടകപ്പാറയ്ക്കു സമീപമുള്ള കോട്ടയം വളവ് എന്ന എസ് വളവ് എന്നും വാഹനങ്ങൾക്കും യാത്രക്കാർക്കും പേടി സ്വപ്നമാണ്. വർഷങ്ങൾക്കു മുമ്പ് 9 പേരുടെ മരണത്തിന് ഇടയായ ഈ വളവിൽ 35 വർഷത്തിനു ശേഷവും സംരക്ഷണ ഭിത്തി കെട്ടുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിനും പൊതുമരാമത്ത് വകുപ്പിനു കഴിഞ്ഞിട്ടില്ല. ഒട്ടേറെ അപകടങ്ങൾ ഉണ്ടായ ഈ വളവിലെ ഏറ്റവും വലിയ അപകടം മൂന്നര പതിറ്റാണ്ട് മുൻപ് ഉണ്ടായ ജീപ്പ് അപകടം ആണ്.


തിരുവമ്പാടി തിയറ്ററിൽ സിനിമ കാണുവാൻ കക്കാടംപൊയിലിൽ നിന്ന് വന്നവരുടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഒട്ടേറെ വാഹനങ്ങൾ പിന്നീടും ഈ ഭാഗത്ത് അപകടത്തിൽപെട്ടു. കക്കാടംപൊയിൽ വിനോദ സഞ്ചാര കേന്ദ്രമായി വികസിച്ചതോടെ ഈ റോഡിൽ വലിയ തിരക്ക് ആണ്. കൊടും വളവും കുത്തനെ കയറ്റവും ഉള്ള ഇവിടെ വാഹന ഗതാഗതം ഏറെ അപകട പൂർണം ആണ്. എന്നാൽ റോഡിന്റെ അപകടാവസ്ഥ അനുസരിച്ച് മുന്നറിയിപ്പ് ബോർഡുകളോ സംരക്ഷണ ഭിത്തി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ ഇല്ല.


മലയോര ഹൈവേ ഈ ഭാഗത്തുകൂടി വരികയാണെങ്കിൽ റോഡിന്റെ ഘടനയ്ക്ക് വ്യത്യാസം വരും എന്ന് നാട്ടുകാർ കരുതി എങ്കിലും ഈ ഇറക്കത്തിന്റെ താഴ്ഭാഗത്തു കൂടി മലയോര ഹൈവേ ആനക്കല്ല് ഭാഗത്തേക്ക് തിരിഞ്ഞ് പോകുക ആണ്. ഏതാനും മാസം മുൻപ് റോഡ് നവീകരിച്ച് ടാറിങ് നടത്തി എങ്കിലും ഒന്നാംഘട്ട ബിഎം ടാറിങ് മാത്രമാണ് നടത്തിയത്. ഓടയുടെ പ്രവ‍‍ൃത്തിയും സംരക്ഷണ ഭിത്തി കെട്ടലും ഒന്നും നടന്നിട്ടില്ല. റോഡിന്റെ ഈ ഭാഗം സുരക്ഷിതമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.