തിരുവമ്പാടി പൊതുശ്മശാനം ഇന്ന് ഉദ്ഘാടനം ചെയ്യും*
*തിരുവമ്പാടി പൊതുശ്മശാനം ഇന്ന് ഉദ്ഘാടനം ചെയ്യും*
പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം (ഗ്യാസ് ക്രിമറ്റോറിയം) യാഥാർഥ്യമായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അധ്യക്ഷത വഹിക്കും.
2005 – 2010 കാലയളവിൽ ജോളി ജോസഫ് പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലാണ് പൊതു ശ്മശാനം എന്ന പദ്ധതി ഉയർന്നുവരുന്നത്. പിന്നീട് നീണ്ട കാലയളവിന് ശേഷം 2020 ഒക്ടോബർ 23ന് പി.ടി അഗസ്റ്റിൻ പ്രസിഡണ്ട് ആയിരിക്കുന്ന കാലയളവിൽ ശ്മശാനം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും, ജനങ്ങൾക്ക് തുറന്നു കൊടുത്തില്ല. നിരവധി വിവാദങ്ങൾ സൃഷ്ടിച്ച് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ന് വീണ്ടും പൊതുശ്മശാനം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
മൃതദേഹം സംസ്കരിക്കാനാവശ്യമായ സ്ഥലമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങൾ മണിക്കൂറുകൾ താണ്ടിവേണമായിരുന്നു കോഴിക്കോട് മാവൂർ റോഡ്, കാരശ്ശേരി ഓടത്തെരുവ് ശ്മശാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നത്, ഇതിന് പരിഹാരമാണ് ഇന്ന് പൂർത്തിയാകുന്നത്.
തിരുവമ്പാടിയിൽ നിന്ന് ഒരുകിലോമീറ്റർ അകലെ ഒറ്റപ്പൊയിലിലാണ് പൊതുശ്മശാനമുള്ളത്. മലയോരവാസികൾക്ക് ഏറെ പ്രയോജനമാകും ഗ്യാസ് ക്രിമറ്റോറിയം.
നിർമ്മാണ പൂർത്തീകരണത്തിൽ ഉണ്ടായ കാലതാമസവും, വിവാദങ്ങളും തുടർന്നുള്ള പ്രവർത്തനത്തെ ബാധിക്കത്തില്ല എന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാർ.