ലക്ഷ്യം മാലിന്യ മുക്ത പഞ്ചായത്ത് കൊടിയത്തൂരിൽ ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു

 ലക്ഷ്യം മാലിന്യ മുക്ത പഞ്ചായത്ത്


കൊടിയത്തൂരിൽ ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു



പുതുതായി 22 പേരെ തെരഞ്ഞെടുത്തു


 കൊടിയത്തൂർ: മാലിന്യ മുക്ത പഞ്ചായത്തെന്ന

ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുത്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഇതിൻ്റെ ഭാഗമായി ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു. പദ്ധതി വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി 22 പേരെ കൂടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയിലേക്ക് പുതുതായി എടുത്തു. 

നേരത്തെ 16 ഹരിതകർമ്മസേനാംഗങ്ങൾ മാത്രമായിരുന്നു 16 വാർഡുള്ള കൊടിയത്തൂർ പഞ്ചായത്തിൽ ഉണ്ടായിരുന്നത്. താത്കാലിക എം. സി. എഫ് ആയിരുന്നെങ്കിലും ആദ്യ കാലത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രവർത്തനം പിന്നിലോട്ട് വന്നു. യൂസർഫീ ലഭിക്കുന്നില്ല എന്നാണ് പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ വരുമാനം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അംഗങ്ങൾ കുറവായതിനാൽ ആരെങ്കിലും ലീവെടുക്കുമ്പോൾ അത് പ്രവർത്തനത്തെ മൊത്തത്തിൻ ബാധിക്കുന്ന സാഹചര്യവും ഉണ്ടായി. നിലവിലെ പോരായ്മകൾ പരിഹരിച്ചു മാതൃകപരമായി മുന്നോട്ടു പോകുന്നതിനായാണ് പുതിയ 22 അംഗങ്ങളെ കൂടി ചേർത്ത് പരിശീലനം നൽകിയത്.

ഏകദിന പരിശീലന പരിപാടി ചെറുവാടിയിൽ സാമൂഹികആരോഗ്യ കേന്ദ്രത്തിൽ 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്‌ ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. 

നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് മുഖ്യഥിതിയായി.

 നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് കുന്നമംഗലം ബ്ലോക്കിലെ പ്രവർത്തന പശ്ചാത്തലത്തിൽ ഹരിതകർമ്മസേന പ്രവർത്തന രീതി വിശദീകരിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.  കെൽട്രോൺ പ്രതിനിധി അഞ്ജന ഹരിതമിത്രം പരിശീലന പരിപാടി നയിച്ചു. ഡാറ്റ എൻട്രി, കസ്റ്റമർ എൻറോൾമെന്റ് തുടങ്ങിയവ പഠിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, 

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, മെമ്പർമാരായ ബാബു പൊലുകുന്നത്ത്, രതീഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ സംസാരിച്ചു.

2022 ജനുവരി മുതൽ ആഗസ്റ്റ് വരെ  3391 കിലോ പ്ലാസ്റ്റിക് ആണ് തരം തിരിച്ചു വില്പന നടത്തിയത്. അതോടൊപ്പം 2.7 ടൺ തുണി മാലിന്യവും 6.2 ടൺ കുപ്പി ചില്ല് മാലിന്യവും സംസ്കരണത്തിനായി കൈമാറി. നിലവിൽ ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി  കൂടുതൽ ഹരിതകർമ്മസേന അംഗങ്ങളെ തിരഞ്ഞെടുത്തത് പദ്ധതി പൂർത്തികരിക്കുന്നതിനു സഹായകമാകും.

ഹരിതമിത്രം പദ്ധതിയുടെ ഭാഗമായുള്ള ക്യു. ആർ. കോഡ് സ്ഥാപിക്കലും വിവരശേഖരണവും അടുത്ത ദിവസം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. യൂസർഫീ ലഭിക്കുന്നതിനും വാതിൽപടി ശേഖരണം കാര്യക്ഷമമാകുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായും ഡിസംബർ മാസത്തോടെ ഹരിതമിത്രം അടിസ്ഥാനത്തിൽ ഉള്ള പാഴ്വസ്തു ശേഖരണം നടത്താൻ ലക്ഷ്യമിടുന്നതായും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു