തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ..
തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ..
ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് തുഷാരഗിരിയിൽ മഴയേ ഇല്ലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആളുകള്‍ പരക്കംപാഞ്ഞ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നു.
സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകൾ പെട്ടെന്നു തന്നെ പുഴയിലുണ്ടായിരുന്നവരെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വൻ അപകടം ഒഴിവാക്കാനായി. തുഷാരഗിരി വന മേഖലയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയാക്കിയത്
*മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു*
: ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ആറംഗ സംഘത്തിലെ യുവാവാണ് വെള്ളം കുതിച്ചെത്തിയതിനെത്തുടർന്ന് പുഴയുടെ നടുവിൽ കുടുങ്ങിയത്. വെള്ളം ഉയർന്നതോടെ യുവാവ് വലിയ കല്ലിൽ കയറിക്കൂടി. വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വടം എറിഞ്ഞുകൊടുത്ത് യുവാവിനെ വലിച്ചുകയറ്റി.
സന്ദർശകർ ഇറങ്ങാതിരിക്കാൻ പോലീസ് കെട്ടിയ വടമാണ് അടിയന്തരഘട്ടത്തിൽ യുവാവിനെ രക്ഷിക്കാൻ ഉപകരിച്ചത്. മലവെള്ളപ്പാച്ചിലിന് തൊട്ടുമുമ്പ് നാരങ്ങാത്തോട് വഴി പുഴകടന്ന രണ്ട് വിനോദസഞ്ചാരികളും പുഴയ്ക്കക്കരെ കുടുങ്ങി. ഒഴുക്കു കുറഞ്ഞപ്പോഴാണ് ഇവർ ഇക്കരെ എത്തിയത്.
പതങ്കയത്ത് സന്ദർശകർ ഇറങ്ങരുതെന്ന് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് ഇപ്പോൾ കാണാനില്ല. വനമേഖലയിൽ പെയ്യുന്ന ശക്തമായ മഴ പുഴയിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിന് ഇടയാക്കുന്നുണ്ട്. പ്രദേശത്തെക്കുറിച്ച് അറിയാതെ എത്തുന്ന വിനോദസഞ്ചാരികൾ അപകടത്തിൽ കുടുങ്ങുന്നത് പതിവാണ്.