കാട്ടുപന്നിവേട്ട: ഷൂട്ടർ ബാലന് സെഞ്ചുറി

 കാട്ടുപന്നിവേട്ട: ഷൂട്ടർ ബാലന് സെഞ്ചുറി



കാരശ്ശേരി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു. കാട്ടുപന്നിവേട്ടയ്ക്ക് സർക്കാരിന്റെ അനുമതിയുള്ള എംപാനൽ ഷൂട്ടർമാരിൽ ഇദ്ദേഹംതന്നെയാണ് ഒന്നാമത്‌. ഞായറാഴ്ച പുലർച്ചെ കച്ചേരിയിൽ കോയാമുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ മൂന്നു പന്നികളെ കൊന്നതോടെയാണ് ബാലൻ സെഞ്ചുറിപൂർത്തിയാക്കിയത്.


കാരശ്ശേരി പഞ്ചായത്തിൽ 50-ഉം കോഴിക്കോട് കോർപറേഷനിൽ മൂന്നും മാവൂർ പഞ്ചായത്തിൽ 19, ചാത്തമംഗലം പഞ്ചായത്തിൽ 19, കുന്ദമംഗലം പഞ്ചായത്തിൽ ഒന്ന്, മുക്കം നഗരസഭയിൽ എട്ട് എന്നിങ്ങനെയാണ് കാട്ടുപന്നികളെ ഇദ്ദേഹം വകവരുത്തിയത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിയുള്ള എംപാനൽ ഷൂട്ടറായി 2020-ലാണ് സി.എം. ബാലനെ സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ രാപകൽ വ്യത്യാസമില്ലാതെ കർഷകർക്ക് കാട്ടുപന്നികളിൽനിന്ന് സംരക്ഷണം നൽകാൻ ഒറ്റയാൾപ്പോരാട്ടവുമായി ഇദ്ദേഹം രംഗത്തുണ്ട്.


മലയും കുഴിയും കയ്യാലകളുമൊക്കെയുള്ള കൃഷിയിടത്തിലും കുറ്റിക്കാട്ടിലുമൊക്കെ കൂരിരുട്ടിൽ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയുമൊക്കെ ആക്രമണസാധ്യത നേരിട്ടാണ് ഇദ്ദേഹം ഒറ്റയ്ക്ക് കാട്ടുപന്നിവേട്ട നടത്തുന്നത്. കഴിഞ്ഞവർഷം തൊണ്ടയാട് വെടിവെക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബാലന് പരിക്കേറ്റിരുന്നു. ചെറിയ ശബ്ദമോ അനക്കമോ ഉണ്ടായാൽ പന്നിക്കൂട്ടം സ്ഥലംവിടും. ഉറക്കമിളച്ച് മണിക്കൂറുകൾ കാത്തിരുന്നത് പാഴാവും. വെടിവെച്ചുവീഴ്ത്തിയാൽ ബന്ധപ്പെട്ട അധികൃതരെത്തി മറവുചെയ്യുന്നതുവരെ സ്ഥലത്ത് കാത്തിരിക്കണം. ചിലപ്പോൾ മറവുചെയ്യുന്ന ജോലിയും ഏറ്റെടുക്കേണ്ടിവരാറുണ്ട്. ഏറെ സാഹസം നിറഞ്ഞ ഉദ്യമമാണെങ്കിലും കർഷകർ ഏതു പാതിരാത്രി വിളിച്ചാലും ഉടൻ ആയുധമേന്തി ഈ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തും