ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍, പ്രവര്‍ത്തനം ഒന്നുമാകാതെ പാതി വഴിയില്‍.*

 *ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍, പ്രവര്‍ത്തനം ഒന്നുമാകാതെ പാതി വഴിയില്‍.*



ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവര്‍ത്തനം ഒന്നുമാകാതെ പാതി വഴിയില്‍.സംസ്ഥാനത്ത് 726 ഇടങ്ങളിലാണ് 235 കോടി ചെലവിട്ട് സ്ഥാപിച്ച്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഗതാഗതവകുപ്പ് സ്ഥാപിച്ചത്.


കെല്‍ട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറില്‍ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയല്‍ പിടിച്ച്‌ വച്ചത്.


ഏപ്രില്‍ മാസം മുതല്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച്‌ തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല.ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണുമായി കരാറുണ്ടാക്കിയത് 2019-ല്‍. 235 കോടി കെല്‍ട്രോണ്‍ മുടക്കും. ക്യാമറ പ്രവര്‍ത്തിച്ച്‌ തുടങ്ങി അഞ്ച് വര്‍ഷത്തിന് ഉള്ളില്‍ റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് പണം തിരിച്ചടക്കണം.


ട്രയല്‍ റണ്‍ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ചയിച്ചപ്പോഴാണ് കരാറിലെ കുരുക്ക് പണിയായത്. അന്തിമ അനുമതിക്ക് എത്തിയ ഫയല്‍ ചീഫ് സെക്രട്ടറി മടക്കി.ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ കൊടുത്ത ഉപകരാറിനെ ചൊല്ലിയാണ് ഒരു തര്‍ക്കം. മൂന്നാം കക്ഷിയെ കൂടി ചേര്‍ത്തെഴുതിയാലേ കരാര്‍ നിലനില്‍ക്കു എന്ന് ചീഫ് സെക്രട്ടറി ഫയലിലെഴുതി.


റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും തിരിച്ചടവ് പാടില്ലെന്നും പിഴയായി കിട്ടുന്ന പണത്തില്‍ നിന്നും കെല്‍ട്രോണിന് പണം തിരികെ നല്‍കണമെന്നുമാണ് മറ്റൊരു കുറിപ്പ്. ചീഫ് സെക്രട്ടറിയുടെ സംശയങ്ങള്‍ ധനവകുപ്പും ശരിവച്ചതോടെ ഗതാഗത വകുപ്പ് വെട്ടിലായി.


മൂന്ന് വര്‍ഷം മുമ്ബുണ്ടാക്കിയ ധാരണപത്രത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. മാത്രമല്ല ഗതാഗത നിയമലംഘന പിഴ ഈടാക്കി മാത്രം പദ്ധതി തുകയുടെ തിരിച്ചടവ് സാധ്യമല്ലെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തുക മുടക്കിയ കെല്‍ട്രോണാകട്ടെ ഉപകരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുക്കാനില്ലാത്ത അവസ്ഥയിലുമാണ്