മുഖ്യമന്ത്രി പിണറായി വിജയന് നേരെ തെരുവുനായ; തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ

 *മുഖ്യമന്ത്രി പിണറായി വിജയന്  നേരെ  തെരുവുനായ; തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ*


ഡല്‍ഹി: വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് സമീപത്തേയ്ക്ക് ഓടിയെത്തി തെരുവുനായ. ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം.

പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ എത്തിയപ്പോഴായിരുന്നു പിണറായി വിജയന് സമീപത്തേക്ക് തെരുവുനായ ഓടിയെത്തിയത്. മുഖ്യമന്ത്രിക്ക് നേരെ വന്ന നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആട്ടിയോടിച്ചു.


അതേസമയം, കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്.



*നായപ്പേടിയില്‍ നാട്; അറിയാം, സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍*



കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കാലഘട്ടത്തിനുശേഷം വീണ്ടും പൊതുജനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങുന്നത് സംസ്ഥാനത്തെ വ്യാപകമായ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കുകൂട്ടുന്നത്. ഒരു മാസം 10 തവണ മൃഗങ്ങള്‍ക്ക് നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്നത്.


തിരുവനന്തപുരത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്. അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 വീതം തെരുവുനായ ആക്രമണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.




രണ്ടാം സ്ഥാനം പാലക്കാടിനാണ്. പാലക്കാട് ഡിസ്ട്രിക് വെറ്റിനറി സെന്ററില്‍ 641 തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊഴിഞ്ഞമ്പാറയില്‍ 247 തെരുവുനായ ആക്രമണങ്ങളും കാഞ്ഞിരപ്പുഴയില്‍ 245 തെരുവുനായ ആക്രമണങ്ങളും കൊടുവായൂരില്‍ 230 തെരുവുനായ ആക്രമണങ്ങളും ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.


കൊല്ലത്ത് 19 ഹോട്ട്‌സ്‌പോട്ടുകളും പത്തനംതിട്ടയില്‍ 8 ഹോട്ട്‌സ്‌പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്‌സ്‌പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണുള്ളത്. എറണാകുളത്ത് 14 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. തൃശൂര്‍ 11, പാലക്കാട് 26, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 7, കണ്ണൂര്‍ 8, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം.