ഓട്ടിസം സെൻ്ററിലേയും ഹോമിയോ ആശുപത്രിയിലേയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി കിണർ യാഥാർത്ഥ്യമായി*
*ഓട്ടിസം സെൻ്ററിലേയും ഹോമിയോ ആശുപത്രിയിലേയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി കിണർ യാഥാർത്ഥ്യമായി*
ഹൈടെക് ശൗചാലയവും ഉദ്ഘാടനം ചെയ്തു
വിവിധ പദ്ധതികൾക്കായി ചിലവഴിച്ചത് 17.5 ലക്ഷം രൂപ
പന്നിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന പന്നിക്കോട് ഓട്ടിസം സെൻ്ററിലേയും ഗവ: ഹോമിയോ ആശുപത്രിയിലേയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി സ്വന്തം കിണർ യാഥാർത്ഥ്യമായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഫണ്ടായ 6 ലക്ഷം രൂപ ചിലവഴിച്ചാണ് കിണർ നിർമ്മിച്ചത്. നേരത്തെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമായിരുന്നു ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ കൊടിയത്തൂരിൽ നിന്നെത്തുന്ന ഈ വെള്ളം പലപ്പോഴും മുടങ്ങുന്നതിനും പതിവായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ കിണർ നിർമ്മിച്ചത്. കിണറിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ശുചിത്വമിഷൻ ഫണ്ടായ നാലര ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഹൈടെക് ശുചിമുറിയുടെ ഉദ്ഘാടനവും പ്രസിഡൻ്റ് നിർവഹിച്ചു. പന്നിക്കോട് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് മാത്രമായി പതിനേഴര ലക്ഷം രൂപയാണ് ഈ വർഷം ചിലവഴിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. 3 ലക്ഷം രൂപയുടെ മുറ്റം ഇൻ്റർലോക്ക് പ്രവൃത്തി നേരത്തെ പൂർത്തീകരിച്ചതിന് പുറമെ 3 ലക്ഷം രൂപ ചിലവഴിച്ച് ചുറ്റുമതിൽ കെട്ടുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായതായും പ്രസിഡൻ്റ് പറഞ്ഞു. ഓപ്പൺ ജിം, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ഉടൻ ആരംഭിക്കുമെന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഷിഹാബ് മാട്ടുമുറിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി. ഉപ്പേരനെ ചടങ്ങിൽ ആദരിച്ചു.
ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, അസിസ്റ്റന്റ് എൻജിനീയർ ഇ രാജേഷ്, മെഡിക്കൽ ഓഫീസർ ഗീത, ഓട്ടിസം അദ്ധ്യാപകൻ അഖിൽ,സി. ഹരീഷ്, ബഷീർ പാലാട്ട്, ബാബു മൂലയിൽ, അബ്ദു പാറപ്പുറത്ത്, കെ.പി സുബ്രമണ്യൻ,കെ ടി അബ്ദുൽ ഹമീദ്,സത്താർ കൊളക്കാടൻ, തുടങ്ങിയവർ സംസാരിച്ചു
ചിത്രം: