മനുഷ്യത്വമില്ലായ്മയിൽ പൊലിഞ്ഞ ജീവൻ

 മനുഷ്യത്വമില്ലായ്മയിൽ പൊലിഞ്ഞ ജീവൻ



കാർ ഇടിച്ച് തകർന്ന ബേബി പെരുമാലിലിന്റെ സ്കൂട്ടർ

മുക്കം: മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി പ്രജീഷും സുഹൃത്തുക്കളും കെ.എസ്.ആർ.ടി.സി. ബസിൽ മുക്കത്തേക്കു വരുമ്പോഴാണ് അർധരാത്രിയിൽ അപകടത്തിൽപ്പെട്ട ഒരാൾ റോഡരികിൽ കിടക്കുന്നത് കണ്ടത്. ബസിൽ നിന്നിറങ്ങുമ്പോൾ അവർ ഡ്രൈവറോട് പറഞ്ഞു: ‘‘അയാൾക്ക് അല്പമെങ്കിലും ജീവനുണ്ടെങ്കിൽ ഈ ബസിൽതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം. ഞങ്ങളുടെ ലഗേജ്‌ ബസിൽതന്നെ ഇരുന്നോട്ടെ...’’


നാലുപേരും ഓടിച്ചെന്നപ്പോൾ കാലിന് ഗുരുതരമായി പരിക്കേറ്റ്, വേദനകൊണ്ട് പുളയുകയായിരുന്നു ബേബി. ഇതിനിടെ, പ്രജീഷിനെയും സുഹൃത്തുക്കളെയും കാത്തുനിൽക്കാതെ കെ.എസ്.ആർ.ടി.സി. ബസ് പോയി.


തുടർന്ന്, പ്രജീഷ് വിവരമറിയിച്ചതിനെത്തുടർന്ന് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞെത്തിയ ആംബുലൻസിലാണ് ബേബിയെ മണാശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. രക്തം വാർന്നുപോയതായും നില ഗുരുതരമാണെന്നും ആശുപത്രിയധികൃതർ പ്രജീഷിനെ അറിയിച്ചു. അധികം വൈകാതെ ബേബി പെരുമാലി ബസ് ജീവനക്കാരുടെയും കാർ ഇടിച്ചയാളുടെയും മനുഷ്യത്വമില്ലായ്മയിൽ മരണത്തിനു കീഴടങ്ങി. കാസർകോട്ടുനിന്ന്‌ വരികയായിരുന്നു സിവിൽ ഡിഫൻസ് അംഗമായ ഓമശ്ശേരി പൂതാടത്തുംകണ്ടി പ്രജീഷും സുഹൃത്തുക്കളായ അഖിൽ ചന്ദ്രനും ജംഷിർ മേലേമ്പ്രയും കയിച്ചുകൊട്ടിച്ചാലിൽ ശിവനും. ട്രെയിനിൽ കോഴിക്കോട്ടെത്തിയ ഇവർ, തൊടുപുഴയിൽനിന്ന് മുത്തപ്പൻപുഴയിലേക്കുള്ള ബസിലാണ്‌ കയറിയത്. ബേബിയുടെ ബന്ധുക്കളെ വിവരമറിയിച്ച്, മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിവിട്ട ശേഷമാണ് പ്രജീഷും സംഘവും ആശുപത്രി വിട്ടത്. അപ്പോഴേക്കും സമയം പുലർച്ചെ അഞ്ചരയായിരുന്നു. കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഡിപ്പോയിലേക്ക് വിളിച്ചപ്പോൾ, മുത്തപ്പൻപുഴയിൽ നിന്നെടുക്കുന്ന ബസ് ഏഴരയ്ക്ക് തിരുവമ്പാടിയിലെത്തുമെന്ന് അറിയിച്ചു. പ്രജീഷും സംഘവും ആശുപത്രിയിൽനിന്ന് നേരെപോയത് തിരുവമ്പാടി ഡിപ്പോയിലേക്കാണ്. ബസിലെ ഡ്രൈവറെ കണ്ട് കാരണം തിരക്കിയപ്പോൾ, പരിക്കേറ്റയാളെ ബസിൽ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞത്‌ താൻ കേട്ടിട്ടില്ലായിരുന്നു എന്നാണ് മറുപടി നൽകിയതെന്ന് യുവാക്കൾ പറഞ്ഞു.


റിപ്പോർട്ടർ ;

ശശികുമാർ (OMAK)