തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ചരിത്രസംഭവമായി.
തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ചരിത്രസംഭവമായി.
തോട്ടുമുക്കം : രണ്ടു വർഷത്തെ കൊറോണ കാലഘട്ടത്തിനു ശേഷം നടക്കുന്ന സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ബിഗ് മാപ്പ് രൂപീകരണം, ദണ്ഡിയാത്ര പുനരാവിഷ്കാരം, അമ്മയും കുഞ്ഞും ക്വിസ്, മാസ്സ് ഡ്രിൽ, ചുവരെഴുത്ത് തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികളായി മാറി. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സാർ പതാക ഉയർത്തി. കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ് ജിഷ, പി ടി എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ് എം സി വൈസ് ചെയർമാൻ ബിജു, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ, സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ, എസ് ആർ ജി കൺവീനർ ഷാഹുൽഹമീദ്, സ്കൂൾ ലീഡർ മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു. ചുവരെഴുത്തിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി പ്രകാശ് വി വി നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കും പി ടി എ മെമ്പർ സോജൻ മാത്യു മധുര വിതരണം ചെയ്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ തീർത്ത ഇന്ത്യയുടെ ബിഗ് മാപ്പ് കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. പരിസര പ്രദേശത്തുള്ള സ്കൂളിലെ കുട്ടികൾ പോലും ബിഗ് മാപ്പ് വീക്ഷിക്കാനായി സ്കൂളിൽ വന്നുകൊണ്ടിരിക്കുന്നു. സ്കൂളിലെ അധ്യാപകനായ സുഭാഷ് ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 1930 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തെ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ ദണ്ടിയാത്ര പുനരാവിഷ്കരിക്കുകയും സമീപത്തെ ചെറുപുഴയിൽ നിന്നും പ്രതീകാത്മകമായി ഉപ്പു കുറുക്കുകയും ചെയ്തു. അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിന് ജിനീഷ് മാഷ് , ജസ്ന ടീച്ചർ എന്നിവർ നേതൃത്വം നൽകി. യു പി ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് പ്രദീപ് മാഷിന്റെ നേതൃത്വത്തിൽ നടന്ന മാസ്സ് ഡ്രിൽ കാഴ്ചക്കാർക്ക് നവ്യാനുഭവമായി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതൽ തന്നെ സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഒരുദിനം ഒരു ഡോക്യുമെന്ററി പ്രദർശനം, പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഡിജിറ്റൽ പെയിന്റിംഗ്, കളറിംഗ് മത്സരം തുടങ്ങിയ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനവിതരണം നടത്തി. സ്കൂളിലെ പി ടി എ യുടെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണം നടത്തി. പി ടി എ മെമ്പർ പ്രദീപിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ബലൂണുകൾ കൊണ്ട് അലങ്കരിച്ചത് പരിപാടിയുടെ മാറ്റ് കൂട്ടി. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.