കൊടിയത്തൂരിൽ കൃഷി നശിച്ച സംഭവം; പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് പഞ്ചായത്തധികൃതർ നിവേദനം നൽകി

 കൊടിയത്തൂരിൽ കൃഷി നശിച്ച സംഭവം; പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് പഞ്ചായത്തധികൃതർ നിവേദനം നൽകി



മുക്കം: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ വെള്ളം കെട്ടി നിന്ന് നിരവധി കർഷകരുടെ കൃഷി നശിച്ച സംഭവത്തിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നിവേദനം നൽകി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം നൽകിയത്.

പഞ്ചായത്ത് പരിധിയിൽ ചുള്ളിക്കാപറമ്പ്, കണ്ടങ്ങൽ, കാരക്കുറ്റി ഭാഗങ്ങളിലായി 35,000 വാഴകളാണ് നശിച്ചത്. ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. വെള്ളം ഇറങ്ങിയതോടെ കൂടുതൽ വാഴകൾ ഒടിഞ്ഞ് വീഴുന്നതും കർഷകർക്ക് പ്രതിസന്ധിയാണ്. പണം കടം വാങ്ങിയും ലാേണെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വർഷത്തെ നഷ്ടം.

 ഈ സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയത്. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത  അലക്സാണ്ടറും പഞ്ചായത്തധികൃതരും കഴിഞ്ഞ ദിവസം കൃഷി നശിച്ച പ്രദേശങ്ങൾ സന്ദർശിച്ചാണ് നാശനഷ്ടത്തിൻ്റെ പ്രാഥമിക കണക്കുകൾ ശേഖരിച്ചത്. 


ചിത്രം: കൃഷി നശിച്ചവർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിവേദനം നൽകുന്നു