പരിസ്ഥിതി ദിനത്തിൽ കൊടിയത്തൂരിലെ വീടുകളിലെത്തും പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ച ഫലവൃക്ഷ തൈകളും സസ്യങ്ങളും
ഈ പരിസ്ഥിതി ദിനത്തിൽ കൊടിയത്തൂരിലെ വീടുകളിലെത്തും പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ച ഫലവൃക്ഷ തൈകളും സസ്യങ്ങളും
നാളെ ലോക പരിസ്ഥിതി ദിനം
: വികസനത്തിൻ്റെ പേരിൽ കാർഷിക വിളകളും ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും വെട്ടിനശിപ്പിക്കുന്ന ഇക്കാലത്ത് വേറിട്ട മാതൃക തീർക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്'.
ലോക പരിസ്ഥിതി ദിനത്തിൽ ഇത്തവണ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിലെത്തുക പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ച ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളുമാണ്..ഇതിനായി ഗ്രാമപഞ്ചായത്തോഫീസ് പരിസരത്ത് നട്ട് ഉൽപാദിപ്പിച്ച തൈകൾ വിതരണത്തിന് തയ്യാറായി. ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 14,000 തൈകളാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ എൽ.പി, യുപി സ്കൂൾ കുട്ടികൾക്കായി 4000 തൈകൾ വിതരണം ചെയ്യും. വിതരണത്തിനായി സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടുമെൻ്റ് വഴി ലഭിച്ച പേര, സീതപ്പഴം എന്നിവയാണ് ഗ്രാമപഞ്ചായത്തോഫീസ് പരിസരത്ത് നട്ടു ഉൽപാദിപ്പിച്ചത്.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ഇവയുടെ നടീലും പരിപാലനവുമെല്ലാം നടന്നത്. *
രണ്ടാം ഘട്ടത്തിൽ കൃഷി വകുപ്പ്, വിവിധ ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെ ആവശ്യക്കാർക്ക് തൈകൾ എത്തിച്ചു നൽകും. റോഡരികുകളിലും തൈകൾ വെച്ച് പിടിപ്പിക്കും.ഹരിത കർമ്മ സേനയെ ഉപയോഗപ്പെടുത്തി പച്ച തുരുത്ത് നിർമ്മാണത്തിനും പദ്ധതി ആവിഷ്ക്കരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.രണ്ടാം ഘട്ടത്തിൽ നെല്ലി, ആര്യവേപ്പ്, ലക്ഷ്മി തരു, കണിക്കൊന്ന, മാതളം, മാവ്, പ്ലാവ്, ചെറുനാരങ്ങ, കറിവേപ്പില എന്നിവയാണ് വിതരണം ചെയ്യുക. *
പഞ്ചായത്തിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമായുണ്ട്.