കൈതപ്പൊയിൽ -അഗസ്ത്യൻ മൂഴി മലയോര ഹൈവേ;കരാറുകാരായ നാഥ് ഇൻഫ്രാസ്ട്രക്ചറിനെ ടെർമിനേറ്റ് ചെയ്തു

 

കൈതപ്പൊയിൽ -അഗസ്ത്യൻ മൂഴി മലയോര ഹൈവേ;കരാറുകാരായ നാഥ് ഇൻഫ്രാസ്ട്രക്ചറിനെ ടെർമിനേറ്റ് ചെയ്തു


തിരുവമ്പാടി : കരാർ കാലാവധി കഴിഞ്ഞു രണ്ടു വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാത്ത അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡിന്റെ കരാർ റദ്ദാക്കിയതായി കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയറുടെ അറിയിപ്പിൽ പറയുന്നു. 21.2 കിലോമീറ്റർ റോഡ് നവീകരണം 70.36 കോടി രൂപയ്ക്ക് നാഥ് കമ്പനി കരാർ എടുത്തിരുന്നത്.



ഒന്നര വർഷം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നു പറഞ്ഞ റോഡിന്റെ പണി മൂന്നര വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനെക്കുറിച്ച് നിരവധി തവണ എന്റെ തിരുവമ്പാടി വാർത്ത നൽകുകയും, റോഡ് പണി മൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതം വാർത്തയാക്കുകയും ചെയ്തിരുന്നു.


നവീകരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരെ കർശന നടപടിയെടുക്കും എന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുൻപ് പറഞ്ഞിരുന്നു. 


മേയ് മാസത്തിനു മുൻപ് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാൻ ലിന്റോ ജോസഫ് എം എൽഎയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുക്കുകയും ഇതു കരാറുകാരനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിർമാണത്തിൽ പുരോഗതി ഇല്ലാതെ വന്നതോടെ കരാർ റദ്ദാക്കുകയായിരുന്നു. 


കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന കൈതപ്പൊയിൽ- കോടഞ്ചേരി- അഗസ്ത്യൻമുഴി റോഡിന്റെ പണി 2018 സെപ്റ്റംബറിൽ ആരംഭിച്ചു 2020 മാർച്ചിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. 


70.36 കോടി രൂപ കരാറെടുത്ത പദ്ധതി കരാർ കാലാവധി കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും പാതി പോലുമായിട്ടില്ല. 21.2 കിലോമീറ്ററിൽ ഒന്നാം ഘട്ട ടാറിങ് എങ്കിലും പൂർത്തിയായത് 5 കിലോമീറ്ററോളം മാത്രം.


റോഡ് പൊളിച്ചിട്ടതിനാൽ ബസുകൾ സർവീസ് നിർത്തിയിട്ടു മൂന്നു വർഷമായി. മെറ്റൽ നിരത്തിയ ഭാഗത്തെ പൊടിശല്യം മൂലം നാട്ടുകാർ ഗതികെട്ടു. കൈവരികൾ, മൂന്നു കവലകളിൽ ട്രാഫിക് സിഗ്നൽ കേബിളുകൾക്കായി പ്രത്യേക ചാൽ തുടങ്ങി കിഫ്ബിയുടെ പുതുക്കിയ മാർഗ നിർദേശപ്രകാരമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.


എസ്റ്റിമേറ്റിൽ പറഞ്ഞ രീതിയിലല്ല റോഡ് നിർമാണം എന്നാരോപിച്ചു. ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. പണി കുറച്ചെങ്കിലും കഴിഞ്ഞ ഒരിടത്തു പോലും മേൽ പറഞ്ഞ രീതിയിൽ പണി നടത്തിയിട്ടില്ല.