കൊണ്ടോട്ടിയിൽ 3 പേർക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു

 കൊണ്ടോട്ടിയിൽ 3 പേർക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു



മലപ്പുറം : ജില്ലയിൽ രണ്ട്‌ കുട്ടികളും സ്‌ത്രീയുമടക്കം  മൂന്നുപേർക്ക്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ്‌ പഞ്ചായത്ത്‌ പരിധിയിലാണ്‌ രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു കുട്ടിയും സ്‌ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്‌.


രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശത്തെ 140 വീടുകളിൽ ആരോഗ്യ വകുപ്പ്‌  പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകൾ  പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിലും പ്രദേശത്ത്‌   ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും.