അപകടം സംഭവിച്ചാൽ വാഹനം രജിസ്റ്റർ ആരുടെ പേരിലാണെന്നറിയാൻ എളുപ്പ വഴിയുമായിവാഹൻ സൈറ്റ്
*അപകടം സംഭവിച്ചാൽ വാഹനം രജിസ്റ്റർ ആരുടെ പേരിലാണെന്നറിയാൻ എളുപ്പ വഴിയുമായിവാഹൻ സൈറ്റ്…*
2022 ആരംഭിച്ച് മൂന്ന് മാസം കഴിയുമ്പോൾ കേരളത്തിൽ ആകെ നടന്നിട്ടുള്ള വാഹനാപകടങ്ങളുടെ കണക്ക് എടുത്താൽ അത് ഏകദേശം 3500ന് മുകളിൽ വരും.ആകെ മരണം 378 ഉം. വാഹനം മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ വാഹനം ഓടിച്ച ആൾക്കെതിരെ കേസെടുക്കാം. എന്നാൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ ആ വാഹനം ആരുടെ പേരിൽ ആണെന്ന് അറിയാൻ സാധിക്കാതെ വരുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ സൈറ്റ് വന്നത് മൂലം ഈ വാഹനം ആരാണ് ഉപയോഗിക്കുന്നത് ,ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നുള്ള വ്യക്തമായ വിവരങ്ങൾ നമുക്ക് ലഭിക്കും.
*എന്താണ് വാഹൻ സൈറ്റ്?*
ഇന്ത്യയിലെ റോഡുകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പേരുകൾ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹൻ..ഇന്ത്യൻ നിരത്തുകളിൽ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് വെബ്‌സൈറ്റിൽ ഉള്ളത്. വിവിധ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾ വഴിയും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസുകൾ വഴിയുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വാഹൻ സൈറ്റിൽ രജിസ്ട്രേഷൻ നമ്പർ നൽകിയാൽ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് ലഭിക്കും അതാണ് ഹൈലൈറ്റ്.
*എന്തൊക്കെ വിവരങ്ങളാണ് വാഹൻ സൈറ്റിൽ നിന്നും ലഭ്യമാവുന്നത്?*
വളരെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് വാഹൻ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകുന്നതോടെ ഉടമയുടെ വിവരങ്ങൾ മാത്രമല്ല, വാഹനത്തിന്റെ എല്ലാ കാര്യങ്ങളും സൈറ്റിൽ ലഭ്യമാവുന്നതാണ്.
*13 വിവരങ്ങളാണ് വാഹൻ സൈറ്റിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.*
1.വാഹന ഉടമയുടെ പേര്
2.വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ
3.രജിസ്ട്രേഷൻ തീയതി
4.വാഹനത്തിന്റെ ഇന്ധന തരം
5.വാഹനത്തിന്റെ മോഡലും നിർമ്മാണവും
6.എഞ്ചിൻ നമ്പർ
7.വാഹനത്തിന്റെ തരം അല്ലെങ്കിൽ ക്ലാസ്
8.വാഹനത്തിന്റെ റോഡ് നികുതി വിശദാംശങ്ങൾ
9.ഇൻഷുറൻസ് കാലഹരണ തീയതി
10.ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
11.രജിസ്ട്രേഷൻ നില
12.എമിഷൻ സർട്ടിഫിക്കറ്റ് വിശദാംശങ്ങൾ
13.PUCC കാലഹരണപ്പെടൽ വിശദാംശങ്ങൾ
*വാഹൻ സൈറ്റിലൂടെ വാഹന ഉടമയുടെ വിശദാംശങ്ങൾ എങ്ങനെ ശേഖരിക്കാം?*
ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന്, vahan.nic.in എന്ന ഔദ്യോഗിക വാഹൻ വെബ്‌സൈറ്റ് സന്ദർശിക്കുക. ഓപ്പൺ ചെയ്‌തുകഴിഞ്ഞാൽ, “നിങ്ങളുടെ വാഹന വിശദാംശങ്ങൾ അറിയുക” എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും വെരിഫിക്കേഷൻ കോഡും നൽകുക, പിന്നെ “സെർച്ച് വെഹിക്കിൾ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ RTO യുടെ കീഴിൽ രജിസ്റ്റർ ചെയ്ത വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭിക്കും. വാഹന ഉടമ, രജിസ്ട്രേഷൻ തീയതി, നഗരം, വാഹന മോഡൽ, വാഹനം ഉപയോഗിച്ച ഉടമകളുടെ എണ്ണം, മറ്റെല്ലാ വിവരങ്ങളും, വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവിടെ എല്ലാ വിശദാംശങ്ങളും 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ടുമായി പൊരുത്തപ്പെടുന്നതാണ്.
*എസ്എംഎസ് ഉപയോഗിച്ച് വാഹന ഉടമയുടെ രജിസ്ട്രേഷൻ വിവരങ്ങൾ എങ്ങനെ ലഭിക്കും?*
രജിസ്ട്രേഷൻ വിശദാംശങ്ങൾ അറിയാൻ മെസേജ് ആപ്ലിക്കേഷൻ ആദ്യം തുറക്കുക. തുടർന്ന് മെസേജ് ടൈപ്പ് ചെയ്യുക വാഹൻ<സ്പേസ്>വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ എന്ന രീതിയിൽ. അതിനുശേഷം ആരാണോ ഈ മെസേജ് സ്വീകരിക്കുന്നത് ആ നമ്പർ സ്പെയ്സിൽ നൽകുക. വാഹൻ എസ്എംഎസ് നമ്പർ: 7738299899 എന്നതാണ്. അതിന് ശേഷം മെസേജ് അയക്കുക. സന്ദേശം കൈമാറിക്കഴിഞ്ഞാൽ, വാഹനത്തിന്റെ പേര്, തരം, ഇന്ധന തരം, രജിസ്റ്റർ ചെയ്ത സംസ്ഥാനം, ഉടമയുടെ പേര്, രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ തുടങ്ങിയ വിശദാംശങ്ങളടങ്ങിയ ഒരു സന്ദേശം തിരികെ അയയ്‌ക്കും. ഒരു വ്യക്തിക്ക് നിയമം ലംഘിച്ച വാഹനത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തണമെങ്കിൽ, ഈ രീതികൾ ഉപയോഗിച്ച് രജിസ്ട്രേഷൻ നമ്പർ നൽകുക, വാഹൻ, പരിവാഹൻ പോർട്ടലുകൾ വഴിയോ SMS സേവനം വഴിയോ ഉപയോഗിക്കാം.
ചുരുക്കത്തിൽ ഏതെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുകയോ, വാഹനം മൂലം എന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്താൽ, പിന്നീട് അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ വാഹൻ സൈറ്റിലൂടെ പരിഹാരം കാണാൻ സാധിക്കും എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ.