കാറിന്റെ ഗ്ലാസുകളിൽ കൂളിങ്ങ് ഫിലിം, നിയമവിരുദ്ധമെന്ന് ആവർത്തിച്ച് മോട്ടോർ വാഹന വകുപ്പ്.
കാറിന്റെ ഗ്ലാസുകളിൽ കൂളിങ്ങ് ഫിലിം, നിയമവിരുദ്ധമെന്ന് ആവർത്തിച്ച് മോട്ടോർ വാഹന വകുപ്പ്.*
കാറിന്റെ ചില്ലിൽ കളർഫിലിം ഒട്ടിക്കുന്നത് നിയമവിരുദ്ധം. കേന്ദ്ര നിയമഭേദഗതിയും വാഹനങ്ങളുടെ ഗ്ലാസിന്റെ സുരക്ഷ സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഏർപ്പെടുത്തിയ മാനദണ്ഡങ്ങളും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
2020 ജൂലായിലെ കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിപ്രകാരം ബി.ഐ.എസ്. നിഷ്കർഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളിൽ ഉപയോഗിക്കേണ്ടത്. . മുൻവശത്തെയും പിന്നിലെയും ചില്ലുകൾക്ക് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണം. ഇത് വാഹനത്തിന്റെ നിർമാണ വേളയിൽത്തന്നെ ഉറപ്പാക്കണമെന്ന് ഭേദഗതി നിഷ്കർഷിക്കുന്നു.
കേന്ദ്ര ഭേദഗതിക്കു മുമ്പ് വാഹനങ്ങളിൽ സുരക്ഷാ ഗ്ലാസുകൾ ഉപയോഗിക്കണമെന്നു മാത്രമാണ് നിഷ്കർഷിച്ചിരുന്നത്. ഗ്ലാസുകളുടെ സുതാര്യത ഏതു ഘട്ടത്തിൽ ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നില്ല. നിയമഭേദഗതി 2021 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് രണ്ടുവർഷത്തേക്കു നീട്ടി. 2023 ഏപ്രിലാണ് അവസാന തീയതി.
പ്ലാസ്റ്റിക് പാളി ചേർത്ത ഗ്ലാസുകളുടെ നിർവചനമാണ് ബി.ഐ.എസിൽ പുതുതായി വന്നത്. നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഗ്ലാസുകൾ (സേഫ്റ്റി ഗ്ളേസിങ്) നിർമാതാക്കൾക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകൾക്ക് വിൽപ്പനാനുമതി നൽകുന്നത്.
ഇതിനുശേഷം മാറ്റംവരുത്തുന്നത് നിയമവരുദ്ധമാണ്. ചില്ലുകളിൽ കൂളിങ് പേപ്പറുകൾ പതിക്കുന്നതിനു പുറമേ കർട്ടൻ ഇടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.