വെണ്ടേക്ക് പൊയിൽ ആദിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം
വെണ്ടേക്ക് പൊയിൽ ആദിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം
ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് വെണ്ടേക്കും പൊയിൽ ആദിവാസി കോളനി നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് വലിയ അളവിൽ പരിഹാരമായി. കാൽനടയാത്ര പോലും ദുസഹമായിരുന്ന മലമുകളിലൂടെ ഏകദേശം രണ്ട് കിലോമീറ്ററുള്ള റോഡിന്റെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പദ്ധതി വിഹിതം വഴിയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയും 54 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ 40 ലക്ഷം വിനിയോഗിച്ച ഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം, ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സി.ജിഷ എന്നിവർ ചേർന്ന് ആദിവാസി മൂപ്പൻ കോർമ ന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു.
വിവിധ ഘട്ടങ്ങളിലായി തൊഴിലുറപ്പ് പദ്ധതി വഴി 25 ലക്ഷം, ജില്ല പഞ്ചായത്ത് 10 ലക്ഷം , ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ എന്നിങ്ങിനെയാണ് പദ്ധതിക്കായി ചിലവഴിച്ചത്. ബാക്കിയുള്ള ഭാഗം അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വാർഡ് മെംബർ ടെസി സണ്ണി ചേക്കാക്കുഴി പറഞ്ഞു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, അംഗങ്ങളായ ടെസി സണ്ണി, യു. സാജിദ, ടി. അനുരൂപ് , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലത്തിങ്ങൽ ബാപ്പുട്ടി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയംഗങ്ങളായ സി.ടി. റഷീദ്, സൈഫുദ്ദീൻ കണ്ണനാരി, അനൂബ് മൈത്ര, വാർഡ് കർമ സമിതിയംഗങ്ങളായ സന്തോഷ് ജോസഫ്, അനൂപ് ജോസഫ്, ജിനീഷ് നിരപ്പത്ത് , ടി.പി. ഗോപാലൻ, സണ്ണി ചേക്കാക്കുഴി, സി.എം. മാത്യു, ശാന്ത പലകത്തോട് എന്നിവർ പങ്കെടുത്തു.